തിരുവനന്തപുരം: പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്‌എടിയില്‍ ചികിത്സയിലായിരുന്ന 7 വയസ്സുകാരി നിയ ഫൈസല്‍ മരിച്ചു.നിയ കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയാണ്. ദിവസങ്ങള്‍ക്ക് മുൻപ് മലപ്പുറം പെരുവള്ളൂർ സ്വദേശി സിയ ഫാരിസ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പേവിഷബാധയേറ്റ് മരിച്ചിരുന്നു.
ഇതോടെ വാക്‌സീനെടുത്തിട്ടും പേവിഷ ബാധയേല്‍ക്കുന്നത് ആവർത്തിക്കുകയാണ്. തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നിയക്ക് മൂന്ന് തവണ പ്രതിരോധ വാക്‌സിന്‍ എടുത്തിരുന്നു.
ഏപ്രില്‍ എട്ടിനാണ് കുട്ടിയെ നായ കടിച്ചത്. ഞെരമ്പില്‍ കടിയേറ്റതുമൂലം രക്തത്തിലൂടെ തലച്ചോറിനെ ബാധിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ താറാവിനെ ഓടിച്ച് എത്തിയ നായയാണ് കടിച്ചത്. കൈമുട്ടിന് കടിയേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ഐഡിആര്‍വി ഡോസ് എടുക്കുകയും ചെയ്തിരുന്നു. മെയ് ആറിന് അവസാന വാക്‌സിന്‍ എടുക്കാനിരിക്കെയാണ് കുട്ടിക്ക് പനി ബാധിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പേവിഷ ബാധ സ്ഥിരീകരിക്കുകയും ചെയ്തത്.
പേവിഷബാധയേറ്റ് സംസ്ഥാനത്ത് 2021 ല്‍ 11 പേരും 2022 ല്‍ 27 പേരും, 2023 ല്‍ 25 പേരും, 2024 ല്‍ 26 പേരും ഈ വര്‍ഷം അഞ്ചാം മാസത്തിലേക്ക് കടക്കവെ ഇതുവരെ 14 പേരാണ് മരിച്ചത്. മരിച്ചതില്‍ ഭൂരിഭാഗവും കുട്ടികളാണ്. 5 വര്‍ഷത്തിനിടെ പേവിഷബാധയേറ്റ് 102 പേരാണ് മരിച്ചത്. ഇതില്‍ വാക്സീനെടുത്തിട്ടും ജീവന്‍ നഷ്ടപ്പെട്ടത് 20 പേര്‍ക്കാണ്. മറ്റുള്ളവര്‍ വാക്സീന്‍ എടുത്തിരുന്നില്ല.