71 ശതമാനം വെള്ളത്താല്‍ ചുറ്റപ്പെട്ട ഭൂമിയില്‍ നാലു മഹാസമുദ്രങ്ങള്‍ ഉണ്ടെന്നായിരുന്നു ഇതുവരെ നാം പഠിച്ചതും പഠിപ്പിച്ചതും. അറ്റ്‌ലാന്റിക്, പസഫിഖ്, ഇന്ത്യന്‍, ആര്‍ക്റ്റിക് എന്നീ മഹാസമുദ്രങ്ങള്‍. എന്നാല്‍ അഞ്ചാമതായി സതേണ്‍ മഹാസമുദ്രത്തെ കൂടി തിരിച്ചറിഞ്ഞതായി നാഷണനല്‍ ജ്യോഗ്രഫിക് സൊസൈറ്റി അറിയിക്കുന്നു. അന്റാര്‍ക്റ്റിക്കയ്ക്കു ചുറ്റുമുള്ള സമുദ്രമേഖലയെ ആണ് സതേണ്‍ മഹാസമുദ്രമായി അടയാളപ്പെടുത്തിയിരിക്കുന്നത്. ലോക സമുദ്ര ദിനത്തോടനുബന്ധിച്ചാണ് പുതിയ മഹാസമുദ്രത്തിന്റെ പേര് പുറത്തുവന്നത്. യുഎസ് ബോര്‍ഡ് ഓണ്‍ ജ്യോഗ്രഫിക് നെയിംസും സതേണ്‍ മഹാസമുദ്രമെന്ന പേരിനെ അംഗീകരിച്ചിട്ടുണ്ട്.
മറ്റു മഹാസമുദ്രങ്ങളെ അപേക്ഷിച്ച് സതേണ്‍ മഹാസമുദ്രത്തില്‍ വെള്ളത്തിന് ഉപ്പുരസം കുറവും തണുപ്പ് കൂടുതലുമാണ്. അന്റാര്‍ക്ടിക്കയ്ക്കു ചുറ്റും കറങ്ങുന്ന പ്രവാഹമാണ് ഈ സമുദ്രത്തിലേത്. മൂന്നര കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് സൗത്ത് അമേരിക്ക അന്റാര്‍ക്ടിക്കയില്‍ നിന്നും വേര്‍പ്പെട്ടതു മുതലാണ് പ്രവാഹം ഇങ്ങനെ ആയത്. ഈ പ്രവാഹം അറ്റ്‌ലാന്റിക്, പസഫിക്, ഇന്ത്യന്‍ മഹാസമുദ്രങ്ങളില്‍ നിന്നുള്ള വെള്ളത്തെ സതേണ്‍ സമുദ്രത്തിലേക്ക് വലിച്ചെടുക്കുകയും ആഗോള വായു സഞ്ചാരഗതികളെ സഹായിക്കുകയും ചെയ്യുന്നു.