സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിക്കുന്ന മഹാസംഗമം ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കും. പരിസ്ഥിതി പ്രവർത്തക മേധ പട്കർ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ നേതാക്കൾ സംഗമത്തിൽ പങ്കെടുക്കും.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്. കേരളത്തില്‍ നടക്കുന്ന സമരങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിയില്‍ എത്തി പ്രധാനമന്ത്രിയെ കാണുന്നത്. രാവിലെ 11 മണിക്ക് പാര്‍ലമെന്റില്‍ വെച്ചാണ് കൂടിക്കാഴ്ച.
അതേസമയം, സിൽവർ ലൈൻ പദ്ധതിക്ക് അംഗീകാരമില്ലെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ആവർത്തിച്ചു. ജനങ്ങളുടെ എതിർപ്പ് മറികടന്ന് സംസ്ഥാന സർക്കാർ മുമ്പോട്ട് പോകുകയാണ്. പദ്ധതിക്ക് അനുമതി നൽകരുതെന്നും മുരളീധരൻ പറഞ്ഞു.
കെ റെയിൽ പദ്ധതിയിൽ സർവത്ര അഴിമതിയാണെന്നും ഇത്രയും പ്രതിസന്ധികളുണ്ടായിട്ടും സർക്കാർ ഉറച്ചു നിൽക്കുന്നതിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നേരത്തേ രംഗത്തെത്തിയിരുന്നു. ചെങ്ങന്നൂരിലെ അലൈമെൻ്റ് മാറ്റം അഴിമതിയുടെ മറ്റൊരു വശമാണ്. സർക്കാരിനെതിരെ വിമോചന സമരത്തിന്റെ ആവശ്യമില്ല. കൊതുകിനെ കൊല്ലാൻ തോക്കു വേണോ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.