കോഴിക്കോട്: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ പരോക്ഷമായി രംഗത്തെത്തി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ.അദ്ദേഹം പറഞ്ഞത് ആരെങ്കിലും ആരെയെങ്കിലും പുകഴ്ത്തിയാല്‍ മുഖ്യമന്ത്രിയാവില്ലെന്നാണ്.എല്ലാവരും എല്ലാവരെയും പുകഴ്ത്താറുണ്ടെന്നും, ആരെയും ഇകഴ്ത്താറില്ലന്നും പറഞ്ഞ അദ്ദേഹം, കോണ്‍ഗ്രസുകാരെ എല്ലാ സമുദായങ്ങളും സ്വീകരിക്കുന്നത് നല്ല കാര്യമാണെന്നും കൂട്ടിച്ചേർത്തു. ഇപ്പോള്‍ മുഖ്യമന്ത്രി ആരെന്ന് ചർച്ച ചെയ്യാനുള്ള സമയമല്ലെന്നും, രാഹുല്‍ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമുള്ളപ്പോള്‍ ആ കാര്യം ചർച്ച ചെയ്യേണ്ടതില്ലെന്നും പറഞ്ഞ മുരളീധരൻ, അക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയാണ് എന്നും വ്യക്തമാക്കി.
നേതാക്കള്‍ക്ക് സ്ഥാനം കിട്ടാനാണ് ഗ്രൂപ്പെന്ന് പ്രവർത്തകർ മനസിലാക്കിയെന്നും, ഗ്രൂപ്പിൻ്റെ കാലമൊക്കെ കഴിഞ്ഞുവെന്നും പറഞ്ഞ അദ്ദേഹം, അധികാരം കിട്ടുമെന്ന് തോന്നിയാല്‍ ആള് കൂടുന്നത് സ്വാഭാവികമാണെന്നും, തൻ്റെ പിന്നിലും പലപ്പോഴും ഇത്തരത്തില്‍ ആള് കൂടിയിട്ടുണ്ടെന്നും പ്രതികരിച്ചു.
യുഡിഎഫ് വിപുലീകരണം ആവശ്യമാണെന്ന് പറഞ്ഞ കെ മുരളീധരൻ, കേരള കോണ്‍ഗ്രസ് വിട്ട എല്ലാവരെയും തിരികെ കൊണ്ടുവരണമെന്നും, പി വി അൻവറിന്റെ നിലപാട് ആദ്യം അദ്ദേഹം തന്നെ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.