മാടായി കോളേജില്‍ സിപിഎം പ്രവര്‍ത്തകന്റെ നിയമനം ; തെരുവില്‍ എം.കെ.രാഘവൻ എംപിക്കെതിരെ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കണ്ണൂർ: എംകെ.രാഘവൻ എംപിക്കെതിരായ കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം തെരുവില്‍. രാഘവൻ ചെയർമാനായ മാടായി കോളേജില്‍ സിപിഎം പ്രവർത്തകന് നിയമനം നല്‍കിയതിനെതിരെ പ്രകടനം നടത്തിയ പ്രവർത്തകർ എംപിയുടെ കോലം കത്തിച്ചു.രാഘവന്‍റെ നാട്ടിലെ കോണ്‍ഗ്രസ് കമ്മിറ്റി ഒന്നടങ്കം രാജിയും നല്‍കി. കോളേജ് ഭരണസമിതി അംഗങ്ങളായ നേതാക്കളെ ഡിസിസി സസ്പെൻഡ് ചെയ്തു.

പയ്യന്നൂർ സഹകരണ സൊസൈറ്റിക്ക് കീഴിലാണ് കോളേജ്. ചെയർമാൻ എം.കെ.രാഘവൻ. കോണ്‍ഗ്രസ് നേതാക്കള്‍ അംഗങ്ങളായ ഭരണസമിതി. ഒഴിവുവന്ന അനധ്യാപക തസ്തികയില്‍ രാഘവന്‍റെ ബന്ധുവായ സിപിഎം പ്രവർത്തകനെ നിയമിച്ചതിലാണ് എതിർപ്പ്.രാഘവനെ ശനിയാഴ്ച വഴിയില്‍ തടഞ്ഞ കുഞ്ഞിമംഗലത്തെ നാല് നേതാക്കളെ സസ്പെൻഡ് ചെയ്തിരുന്നു. ഇവരുമായി ജില്ലാ നേതാക്കള്‍ അനുരഞ്ജന ചർച്ചയും നടത്തി.എന്നാല്‍ തിങ്കളാഴ്ച രാവിലെ രാഘവന്‍റെ ബന്ധുവിന് നിയമന ഉത്തരവ് നല്‍കിയതോടെയാണ് പ്രതിഷേധം പരസ്യമായത്.എംപിയുടെ നാടായ കുഞ്ഞിമംഗലത്തെ മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജിവച്ചു. പതിനാല് ബൂത്ത് പ്രസിഡന്‍റുമാരും രാജി നല്‍കി.

പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ഡിസിസി കോളേജ് ഭരണസമിതി അംഗങ്ങള്‍ക്കെതിരെ നടപടിയെടുത്തു. പയ്യന്നൂർ നഗരസഭ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുളളവരെ സസ്പെൻഡ് ചെയ്തെങ്കിലും പരസ്യ പ്രതിഷേധവുമായി പ്രവർത്തകർ മുന്നോട്ടുപോയി.പയ്യന്നൂർ,കല്യാശ്ശേരി മണ്ഡലങ്ങളിലെ കൂടുതല്‍ കമ്മിറ്റികള്‍ രാജിക്കൊരുങ്ങുന്നുണ്ട്. ഇതുവരെ എം.കെ.രാഘവൻ എം പി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

spot_img

Related Articles

Latest news