കുത്തിവയ്‌പിന്റെ സമയം കിട്ടാത്തത്‌ വാക്‌സിന്‍ ക്ഷാമം കാരണം : മുഖ്യമന്ത്രി

വാക്സിന്‍ ദൗര്‍ലഭ്യമാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്ശേഷം കുത്തിവയ്പ് സമയം (സ്ലോട്ട്) ലഭിക്കാത്തതിന് കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോള്‍ സംസ്ഥാനത്ത് 3, 68,840 ഡോസ് വാക്സിന്‍ മാത്രമാണുള്ളത്. കേന്ദ്രത്തോട് 50 ലക്ഷം ഡോസ് വാക്സിന്‍ ഒറ്റയടിക്ക് തരണമെന്ന് ആവശ്യപ്പെട്ടതും അതിനാലാണ്. പുതിയ വാക്സിന്‍ നയം കേന്ദ്രം നടപ്പാക്കുന്നതിനു മുമ്പെ അതാവശ്യപ്പെട്ടതാണ്.

എന്തിനാണ് ഇത്രയധികം വാക്സിനുകള്‍ ഒരുമിച്ച്‌ എന്നൊരു ചോദ്യം പലരും ചോദിക്കുന്നുണ്ട്. ഒന്നോ രണ്ടോ ദിവസത്തേക്കുള്ള കണക്കുവച്ച്‌ ലഭ്യമായാല്‍ മതിയല്ലോ എന്നാണ് അവരുടെ ധാരണ. അവിടെയാണ് സ്ളോട്ടുകള്‍ അനുവദിക്കുമ്ബോള്‍ ഉണ്ടാകുന്ന പ്രശ്നം ഉയരുന്നത്.

നിലവില്‍ വാക്സിന്‍ ആവശ്യമനുസരിച്ച്‌ കുറെ ദിവസങ്ങള്‍ മുന്‍കൂട്ടി സ്ളോട്ടുകള്‍ അനുവദിക്കേണ്ടി വരും. അങ്ങനെ വരുമ്പോൾ പരമാവധി വാക്സിന്‍ ഉണ്ടാകുകയും സ്ളോട്ടനുവദിക്കുന്ന കേന്ദ്രങ്ങളില്‍ അതു ലഭ്യമാകുമെന്ന് ഉറപ്പു വരുത്തുകയും വേണം. പക്ഷേ, വാക്സിന്‍ ആവശ്യത്തിന് ഇല്ലാത്തതിനാല്‍ ഇതു സാധ്യമാകുന്നില്ല.

വാക്സിന്‍ ലഭിക്കുന്ന മുറയ്ക്ക് അടുത്ത ദിവസത്തേക്കുള്ള വാക്സിന്‍ തൊട്ടു മുമ്പുള്ള ദിവസമാണ് ഷെഡ്യൂള്‍ ചെയ്യുന്നത്. ആ രീതിയില്‍ അടുത്ത ദിവസത്തേക്കുള്ള സ്ളോട്ട് ഇന്നു രജിസ്ട്രേഷനായി അനുവദിക്കുമ്പോൾ അല്പ സമയത്തിനുള്ളില്‍ തീരുകയാണ്. ആ ദിവസം അതിനുശേഷം വെബ്സൈറ്റില്‍ കയറുന്ന ആളുകള്‍ക്ക് അടുത്ത ദിവസങ്ങളിലൊന്നും സ്ളോട്ട് കാണാന്‍ സാധിക്കില്ല.

അതിന്റെ അര്‍ഥം തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലഭ്യമല്ല എന്നല്ല. അടുത്ത ദിവസം നോക്കിയാല്‍ വീണ്ടും സ്ളോട്ട് ലഭിക്കാന്‍ സാധ്യതയുണ്ട്. വാക്സിന്‍ ദൗര്‍ലഭ്യം പരിഹരിച്ച്‌ കുറച്ചധികം ദിവസങ്ങളിലേക്കുള്ള സ്ളോട്ടുകള്‍ ഷെഡ്യൂള്‍ ചെയ്താല്‍ മാത്രമേ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

തിരുവനന്തപുരത്ത് കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി. 51 കേന്ദ്രത്തില്‍ വാക്സിനേഷന്‍ സുഗമമായി നടക്കുന്നുണ്ട്. മാസ് വാക്സിനേഷന്‍ നടക്കുന്ന ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ക്രമീകരണങ്ങളും സൗകര്യങ്ങളും ഉറപ്പാക്കാന്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായി നിയമിച്ചു. ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ 75 ശതമാനം കിടക്ക കോവിഡ് രോഗികള്‍ക്ക് മാറ്റിവയ്ക്കാനും നിര്‍ദേശിച്ചു. പകുതി കിടക്കകള്‍ ബുധനാഴ്ച സജ്ജമാകും.

ഇതില്‍ 30 ശതമാനം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ റഫര്‍ ചെയ്യുന്നവര്‍ക്ക് നല്‍കും. പഞ്ചായത്ത് തലത്തില്‍ ആരംഭിച്ച ഡോമിസിലിയറി കെയര്‍ സെന്ററുകള്‍, ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സിഎഫ്‌എല്‍ടിസികള്‍, സിഎസ്‌എല്‍ടിസികള്‍ എന്നിവിടങ്ങളിലേക്കുള്ള ആവശ്യങ്ങള്‍ക്കും മറ്റ് സഹായം ആവശ്യമുള്ളവര്‍ക്കും ആംബുലന്‍സ് ലഭ്യമാക്കാന്‍ താലൂക്ക് തലത്തില്‍ ആംബുലന്‍സ് ടീമുകളെയും നിയോഗിച്ചു.

spot_img

Related Articles

Latest news