അറബിക്കടലില്‍ നിന്നുള്ള ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും വര്‍ധിച്ചതായി റിപ്പോര്‍ട്ട്‌

അറബിക്കടലിൽ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകളുടെ ആവൃത്തിയിലും തീവ്രതയിലും രണ്ട് പതിറ്റാണ്ടുകൾക്കിടെ ഏറെ വർധനവുണ്ടായതായി പഠനറിപ്പോർട്ട്. ഇതേ പ്രവണത തുടരുകയാണെങ്കിൽ സമീപഭാവിയിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് പ്രകൃതിദുരന്തങ്ങൾ ഗുരുതരമായി ആവർത്തിക്കുന്നതിന് കാരണമാകുമെന്ന് വിഷയത്തിൽ പഠനം നടത്തിയ വിദഗ്ധസംഘം മുന്നറിയിപ്പ് നൽകി. 1982 നും 2019 നും ഇടയിലെ കാലയളവിൽ ചുഴലിക്കാറ്റുകളുടെ എണ്ണത്തിൽ 52 ശതമാനം വർധനയാണ് വിദഗ്ധർ കണ്ടെത്തിയിരിക്കുന്നത്. അതേ സമയം ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകളുടെ എണ്ണത്തിലും തീവ്രതയിലും എട്ട് ശതമാനത്തോളം കുറവ് സംഭവിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയറോളജി(IITM)യിലെ ശാസ്ത്രജ്ഞരുടെ സംഘമാണ് പഠനം നടത്തിയത്. സാധാരണയായി വർഷത്തിൽ നാലോ അഞ്ചോ ചുഴലിക്കാറ്റുകളാണ് ബംഗാൾ ഉൾക്കടലും അറബിക്കടലും ഉൾപ്പെടുന്ന വടക്കൻ സമുദ്രമേഖലയിൽ നിന്ന് രൂപപ്പെടുന്നത്. അതിൽ ഭൂരിഭാഗവും ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്നവയായിരുന്നു. എന്നാൽ പ്രവണതയിൽ വൻവ്യതിയാനമാണ് അടുത്തകാലത്തായി സംഭവിക്കുന്നത്. 2019 ൽ എട്ട് ചുഴലിക്കാറ്റുകളാണ് ഈ മേഖലയിൽ നിന്ന് വീശിയത്, അവയിൽ അഞ്ചും അറബിക്കടലിൽ നിന്നാണ് രൂപം കൊണ്ടത്. 2018 ൽ ഏഴ് കാറ്റുകളാണ് ഉണ്ടായത്, അവയിൽ മൂന്നെണ്ണം മാത്രമായിരുന്നു അറബിക്കടലിൽ രൂപം കൊണ്ടത്.

spot_img

Related Articles

Latest news