ഖത്തറിലെ സ്വകാര്യ സ്കൂളുകളിലും കിന്റര്‍ ഗാര്‍ട്ടനുകളിലും അറബി ഭാഷ, ഇസ്ലാമിക വിദ്യാഭ്യാസം, ഖത്തര്‍ ചരിത്രം എന്നീ വിഷയങ്ങള്‍ നിര്‍ബന്ധമാക്കി ഖത്തര്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. സ്വകാര്യ വിദ്യാഭ്യാസ വിഭാഗം പുറത്തിറക്കിയ 2021ലേക്കുള്ള അക്കാഡമിക് പോളിസിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മന്ത്രാലയത്തിന്റെ സ്വകാര്യ സ്കൂള്‍ വിഭാഗം മേധാവി റാഷിദ് അഹ്മദ് അല്‍ അമീരി പുറത്തിറക്കിയ സര്‍ക്കുലര്‍ രാജ്യത്തെ സ്വകാര്യ സ്കൂളുകള്‍ക്കും കിന്റര്‍ ഗാര്‍ട്ടനുകള്‍ക്കും അയച്ച് കൊടുത്തു. ക്ലാസുകളുടെ ക്രമമനുസരിച്ച് മൂന്ന് വിഷയങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും അറബി ഭാഷയും, ഇസ്ലാമിക വിദ്യാഭ്യാസവും പ്രീ സ്കൂളുകള്‍ മുതല്‍ പഠിപ്പിച്ച് തുടങ്ങണമെന്നും സര്‍ക്കുലറില്‍ പറയുന്നു.