ഇന്ന് അറഫാ സംഗമം; മലയാളം ഉള്‍പ്പെടെ 20 ഭാഷകളിലേക്ക് അറഫാ പ്രഭാഷണത്തിന്റെ തത്സമയ പരിഭാഷ

മക്ക:ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാസംഗമം ശനിയാഴ്ച നടക്കും. തൂവെള്ളവസ്ത്രധാരികളായ ലക്ഷക്കണക്കിന് തീർഥാടകർ ലബൈക്ക അല്ലാഹുമ്മ ലബൈക്ക് എന്ന മന്ത്രം ഉരുവിട്ട് പ്രാർഥനയോടെ അറഫയില്‍ ഒത്തുചേരും.മിനാ താഴ്‌വരയില്‍ ഒത്തുകൂടിയ വിശ്വാസികളെല്ലാം തിരക്കൊഴിവാക്കാൻ വെള്ളിയാഴ്ച സൂര്യാസ്തമയത്തിനുശേഷം അറഫയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് മുൻപായി മുഴുവൻ തീർഥാടകരും അറഫയിലെത്തും.

സൗദിസമയം ഉച്ചയ്ക്ക് 12.21-നാണ് സുപ്രധാന ചടങ്ങായ അറഫാ പ്രഭാഷണം നടക്കുക. പ്രവാചകന്റെ പ്രസംഗത്തെ ഓർമ്മിപ്പിക്കുന്നതാണിത്. മക്കയിലെ ഗ്രാൻഡ് പള്ളി ഇമാമും മതപ്രഭാഷകനുമായ ശൈഖ് മാഹിർ അല്‍ മുഐഖിലിയാണ് പ്രഭാഷണം നടത്തുക.

അറബിയില്‍ നടത്തുന്ന പ്രഭാഷണം മലയാളം ഉള്‍പ്പെടെ 20 ഭാഷകളിലേക്ക് തത്സമയം പരിഭാഷപ്പെടുത്തും. ലോകത്തിലെ 100 കോടി ആളുകളിലേക്ക് പ്രഭാഷണമെത്തും. തുടർച്ചയായ ഏഴാംവർഷമാണ് പ്രഭാഷണം ഒട്ടേറെ ഭാഷകളിലേക്ക് പരിഭാഷചെയ്യുന്നത്. രണ്ട് വിശുദ്ധ പള്ളികളുടെയും നടത്തിപ്പിന്റെ ചുമതലയുള്ള സൗദി ഭരണാധികാരി സല്‍മാൻ രാജാവാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

ആശുപത്രിയിലുള്ള രോഗികളെ ആംബുലൻസുകളിലും എയർ ആംബുലൻസുകളിലുമായി അറഫയില്‍ എത്തിക്കുന്നുണ്ട്. അറഫാ പ്രഭാഷണവും പ്രാർഥനയും കഴിഞ്ഞ് സൂര്യാസ്തമയത്തിന് തൊട്ടുമുൻപ് ഹാജിമാർ മുസ്ദലിഫയിലേക്കു തിരിക്കും. രാത്രി മുസ്ദലിഫയിലാണ് വിശ്രമിക്കുക. ഇവിടെനിന്ന് ചെറുകല്ലുകള്‍ ശേഖരിച്ച്‌ ഞായറാഴ്ച രാവിലെ വീണ്ടും മിനായില്‍ തിരിച്ചെത്തും. ഞായർമുതല്‍ തുടർച്ചയായി മൂന്നുദിവസം ജംറയിലെ പിശാചിന്റെ പ്രതീകത്തിനുനേരേ കല്ലേറ് നടത്തും. ആദ്യത്തെ കല്ലേറ് കർമത്തിനുശേഷം തല മുണ്ഡനംചെയ്യുകയും ധരിച്ച ഇഹ്റാംവേഷം മാറുകയുംചെയ്യും. തുടർന്ന് ബലികർമവും നടത്തി മക്കയില്‍ച്ചെന്ന് കഅബ പ്രദക്ഷിണംചെയ്യും.

വെള്ളിയാഴ്ചയാണ് ഹജ്ജ് തീർഥാടനത്തിന് തുടക്കമായത്. ഉച്ചയോടെ ഭൂരിഭാഗം തീർഥാടകരും മിനായിലെത്തിയിരുന്നു. മിനായില്‍ പ്രത്യേകിച്ച്‌ കർമങ്ങളൊന്നുമില്ല. ഹജ്ജിലെ പരമപ്രധാനമായ അറഫ സംഗമത്തിന് മനസ്സും ശരീരവും പാകപ്പെടുത്തുക എന്നതാണ് മിനായില്‍ ഹാജിമാർ ചെയ്യുന്നത്.15 ലക്ഷത്തിലേറെ വിദേശ തീർഥാടകരും ആഭ്യന്തര തീർഥാടകരും ചേർന്ന് ഇത്തവണ 20 ലക്ഷത്തോളംപേർ ഹജ്ജ് നിർവഹിക്കുമെന്നാണ് കണക്ക്.

spot_img

Related Articles

Latest news