ആരാധകർക്ക് ആവേശമായി ലയണല്‍ മെസിയും അര്‍ജന്റീനയും തിരിച്ചുവന്നു. ജീവന്‍മരണ പോരാട്ടത്തില്‍ മെക്സിക്കോയെ രണ്ട് ഗോളിന് തോല്‍പ്പിച്ച് അര്‍ജന്റീന ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി.
മെസിയും പകരക്കാരനായെത്തിയ എണ്‍സോ ഫെര്‍ണാണ്ടസും അര്‍ജന്റീനയ്ക്കായി ഗോളടിച്ചു. ഈ ലോകകപ്പില്‍ മെസിയുടെ രണ്ടാംഗോളാണിത്. ലോകകപ്പിലാകെ എട്ട് ഗോളായി. ഇതിഹാസതാരം ദ്യേഗോ മാറഡോണയുടെ നേട്ടത്തിനൊപ്പമെത്തി.
സൗദി അറേബ്യക്കെതിരെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ അര്‍ജന്റീനയ്ക്ക് മെക്സിക്കോയ്ക്കെതിരെ ജയം അനിവാര്യമായിരുന്നു. പ്രതിരോധത്തില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തിയാണ് പരിശീലകന്‍ ലയണല്‍ സ്കലോണി ടീമിനെ ഇറക്കിയത്. എന്നാല്‍ കളിയുടെ ആദ്യ ഘട്ടങ്ങളില്‍ ടീമിന് ഒത്തിണക്കമുണ്ടായില്ല. മെസി മുന്നേറ്റത്തില്‍ ഒറ്റപ്പെട്ടു.
രണ്ടാംപകുതിയില്‍ കളി മെച്ചപ്പെട്ടു. 64–-ാം മിനിറ്റിലായിരുന്നു മെസിയുടെ തകര്‍പ്പന്‍ ഗോള്‍. ഏയ്ഞ്ചല്‍ ഡി മരിയ അവസരമൊരുക്കി. ഡി മരിയയുടെ പന്ത് സ്വീകരിച്ച്, ബോക്സിന് പുറത്തുനിന്ന് മെക്സിക്കോ പ്രതിരോധക്കാര്‍ക്കിടയിലൂടെ മെസിയുടെ കിടിലൻ ഷൂട്ട് മെക്സിക്കോ ഗോള്‍ കീപ്പര്‍ ഗില്ലെര്‍മോ ഒച്ചോവയ്ക്ക് എത്തിപ്പിടിക്കാനായില്ല. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെയായിരുന്നു എണ്‍സോ ഫെര്‍ണാണ്ടസിന്റെ രണ്ടാമത്തെ വിജയഗോള്‍. മെസി നല്‍കിയ പന്ത് തകര്‍പ്പന്‍ ഷോട്ടിലൂടെ എണ്‍സോ വലയിലാക്കി. അവസാന കളിയില്‍ ബുധനാഴ്ച പോളണ്ടാണ് അര്‍ജന്റീനയുടെ എതിരാളികള്‍. നിലവില്‍ രണ്ടാമതാണ് ടീം.