കൊച്ചി: അരിയില്‍ ഷുക്കൂർ വധക്കേസില്‍ പ്രതികളായ സിപിഎം നേതാക്കള്‍ക്ക് തിരിച്ചടി. പി ജയരാജയനും ടി വി രാജേഷും നല്‍കിയ വിടുതല്‍ ഹർജി സിബിഐ പ്രത്യേക കോടതി തള്ളി.കേസില്‍ ഗൂഡാലോചനാകുറ്റമായിരുന്നു ജയരാജനും രാജേഷിനുമെതിരേ സി.ബി.ഐ ചുമത്തിയിരുന്നത്. ഇതിനെതിരേയാണ് നേതാക്കള്‍ കോടതിയെ സമീപിച്ചത്.
അന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന്റെയും മുൻ കല്യാശേരി എംഎല്‍എയായിരുന്ന ടി.വി രാജേഷിന്റെയും വാഹനം ആക്രമിച്ചതിന്റെ പേരിലുള്ള വൈരാഗ്യത്തിന്റെ പേരില്‍ ഷുക്കൂറിനെ കൊല്ലപ്പെടുത്തി എന്നതാണ് കേസ്. രണ്ട് മണിക്കൂർ നീണ്ട ക്രൂരമായ വിചാരണയ്‌ക്കൊടുവിലായിരുന്നു കൊലപാതകമെന്നും കുറ്റപത്രത്തില്‍ പയുന്നുണ്ട്.
എന്നാല്‍ തങ്ങള്‍ക്കെതിരേ തെളിവില്ലാത്തതിനാല്‍ ഗൂഢാലോചന കുറ്റം നിലനില്‍ക്കില്ലെന്നും വിചാരണ ആവശ്യമില്ലെന്നുമായിരുന്നു ഇരുവരുടെയും വാദം. ഈ ആവശ്യം കോടതി നിരാകരിച്ചതിനാല്‍ ഹൈക്കോടതിയെ സമീപിക്കുകയാണ് ഇനിയുള്ള മാർഗം. അല്ലാത്തപക്ഷം ഇരുവർക്കും കേസില്‍ വിചാരണ നേരിടേണ്ടിവരും. ഇരുവർക്കുമെതിരെ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് വാദത്തിനിടെ നേരത്തേ പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. ഇവർക്കെതിരേ തെളിവുകളുള്ളതിനാല്‍ വിടുതല്‍ ഹർജി തള്ളണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
2020 ഫെബ്രുവരി 20-നാണ് ലീഗ് പ്രവർത്തകനായ അരിയില്‍ ഷുക്കൂർ കൊല്ലപ്പെട്ടത്. 34 പ്രതികളാണ് കേസിലുള്ളത്.