കസ്റ്റംസിന് തിരിച്ചടി
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്ജുന് ആയങ്കിയെ ഏഴു ദിവസം കൂടി കസ്റ്റഡിയില്‍ വേണമന്ന കസ്റ്റംസിന്റെ ആവശ്യം കോടതി തള്ളി. കസ്റ്റഡി അപേക്ഷ കോടതി തള്ളിയതോടെ അര്‍ജുനെ ജയിലില്‍ അയച്ചു.
കേസില്‍ വിശദ അന്വേഷണം വേണമെന്ന് കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനായി അര്ജുന് ആയങ്കിയെ ഏഴു ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു. അര്ജുന് സംരക്ഷണം നല്‍കിയിരുന്നു എന്നു കരുതുന്ന മുഹമ്മദ് ഷാഫിക്കൊപ്പം അര്‍ജുനെ ചോദ്യം ചെയ്യണമെന്ന കസ്റ്റംസ് ആവശ്യവും കോടതി തള്ളി
ടിപി ചന്ദ്രശേഖരനെ വധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, ഷാഫി എന്നിവരുടെ സംരക്ഷണം അര്ജുന് ലഭിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടിയെ മറയാക്കിയാണ് കള്ളക്കടത്തു നടത്തിയത്. പ്രത്യേക പാര്‍ട്ടിയുടെ ആളെന്നു പ്രചരിപ്പിച്ച് കള്ളക്കടത്തിലേക്കു യുവാക്കളെ ആകര്‍ഷിച്ചു. ഇതിനായി സോഷ്യല്‍ മീഡിയയെ ഉപയോഗിച്ചു. ഭാര്യ അമലയുടെ ഉള്‍പ്പെടെ മൊഴികള്‍ അര്ജുന് എതിരാണെന്ന് കസ്റ്റഡി അപേക്ഷയില്‍ കസ്റ്റംസ് പറഞ്ഞു.
കസ്റ്റംസ് സംഘം തന്നെ മര്‍ദിച്ചതായി അര്ജുന് കോടതിയില്‍ പറഞ്ഞു. ഇതു കോടതി രേഖപ്പെടുത്തി