കർണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തില്‍ നിർണായക വിവരം പുറത്ത്.നദിക്കടിയില്‍ ഒരു ട്രക്ക് കണ്ടെത്തിയെന്ന് കര്‍ണാടക മന്ത്രി സ്ഥിരീകരിച്ചു.
അർജുന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ട് ഇന്നേയ്ക്ക് ഒൻപതാം ദിവസം എത്തുന്നതിനിടെയാണ് നിർണായക വിവരം പുറത്ത് വരുന്നത്. ഇന്ന് രാത്രിയും തെരച്ചില്‍ നടത്തുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനം നടക്കുന്നിടത്ത് കനത്ത മഴയും ശക്തമായ കാറ്റുമാണ് നിലവിലുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലേതു പോലെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടില്ല. ബൂം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ട്രക്ക് കരയ്‌ക്കെത്തിക്കാനുള്ള ശ്രമമാണ് തുടരുന്നത്. നദിയില്‍ നിന്ന് ചെളി പുതഞ്ഞ നിലയിലാണ് ട്രക്കുള്ളത്. ട്രക്ക് കണ്ടെത്തിയതായി ജില്ലാ പോലീസ് മേധാവിയും സ്ഥിരീകരിച്ചിട്ടുണ്ട്.