ശ്രീനഗര്‍: ജമ്മു കാശ്‌മീരിലെ താഴ്‌വരകളില്‍ മയക്കുമരുന്ന് യഥേഷ്‌ടം ഒഴുകുന്നതായി റിപ്പോര്‍ട്ട്. ഭീകരവാദത്തിന്റെ താണ്ഡവം നിറഞ്ഞുനിന്ന പ്രദേശം ഇപ്പോള്‍ അടക്കി വാഴുന്നത് മയക്കുമരുന്ന് മാഫിയ ആണെന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
ഹെറോയിനാണ് കൂടുതലായും യുവാക്കളില്‍ ലഹരി പകുന്നത്. ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ടില്‍ ആറു ലക്ഷം പ്രദേശവാസികള്‍ മയക്കുമരുന്നിന് അടിമകളാണെന്ന് വ്യക്തമാക്കുന്നുണ്ട്. ചീഫ് സെക്രട്ടറി അരുണ്‍ കുമാര്‍ മെഹ്‌ത്ത അദ്ധ്യക്ഷനായ നാര്‍കോ കോര്‍ഡിനേഷന്‍ സെന്റര്‍ കമ്മിറ്റി നടത്തിയ പഠനത്തിലാണ് ഈ വസ്‌തുതയുള്ളത്.
17 മുതല്‍ 33 വയസു വരെ പ്രായമുള്ളവരാണ് മയക്കുമരുന്നിന് അടിമകളായി മാറിയിരിക്കുന്നത്. ശ്രീനഗറിലെ ഡീ അഡിക്ഷന്‍ സെന്ററുകളില്‍ ദിവസേനെ 150 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നതത്രേ. മയക്കുമരുന്ന് ഉപഭോഗത്തില്‍ ജമ്മു കാശ്‌മീര്‍ ഇന്ത്യയില്‍ അഞ്ചാം സ്ഥാനത്താണ്. കഞ്ചാവ് ഉല്‍പാദനത്തില്‍ ഏഷ്യയിലെ കുപ്രസിദ്ധിയാര്‍ജിച്ച ഗോള്‍ഡന്‍ ക്രിസന്റിനോട് ഏറ്റവും അടുത്തു കിടക്കുന്ന പ്രദേശമാണ് ജമ്മു കാശ്‌മീര്‍. ലോകത്തിലെ കഞ്ചാവ് കൃഷിയുടെ 80 ശതമാനവും ഉല്‍പാദിപ്പിക്കപ്പെടുന്നത് ഗോള്‍ഡന്‍ ക്രിസന്റിലാണ്. 2019ല്‍ 3850 ഹെറോയിന്‍ കേസുകളാണ് ജമ്മുവില്‍ പിടിക്കപ്പെട്ടതെങ്കില്‍ 2021ല്‍ അതിന്റെ എണ്ണം 13,200 ആയി ഉയരുകയായിരുന്നു.
സ്കൂള്‍ കുട്ടികളെയാണ് വില്‍പ്പനക്കാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ആദ്യത്തെ തവണ സൗജന്യമായി നല്‍കി മയക്കുമരുന്നിലേക്ക് ആകര്‍ഷിക്കും. പിന്നീട് ഗ്രാമിന് 2000 രൂപ വരെ വാങ്ങി അടമകളാക്കി മാറ്റുകയാണ് തന്ത്രം. പിന്നീട് അവരെ ലഹരിക്കടത്തിനായി ഉപയോഗിക്കും. താഴ്‌വരയിലെ യുവത്വത്തെ നശിപ്പിക്കുന്ന ഭീകരപ്രവര്‍ത്തനത്തിനാണ് മയക്കുമരുന്ന് മാഫിയ ചുക്കാന്‍ പിടിച്ചുകൊണ്ടിരിക്കുന്നത്.
പണ്ടൊക്കെ ചില ഭാഗങ്ങളില്‍ നിന്നും മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ ഇപ്പോള്‍ താഴ്‌വരയില്‍ വ്യാപകമായിക്കഴിഞ്ഞു. വലിയ വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കളെ പോലും ഡ്രഗ്‌സ് മാഫിയ അടിമകളാക്കി മാറ്റിക്കഴിഞ്ഞുവെന്ന് എസ് എം എച്ച് എസ് ആശുപത്രിയുടെ തലവനായ ഡോ. യാസിര്‍ ഹസ്സന്‍ റാത്തര്‍ പറയുന്നു. മയക്കുമരുന്നിന്റെ വ്യാപക ഉപയോഗം യുവാക്കളുടെ ചിന്താശേഷിയെയാണ് ബാധിക്കുക. അധികം വൈകാതെ ഇവര്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലേക്ക് മാറും.
കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്‌മീരിനെ കാര്‍ന്നുകൊണ്ടിരിക്കുന്ന ഈ വിപത്തിനെ നേരിടാന്‍ സര്‍വസന്നാഹങ്ങളും സര്‍ക്കാര്‍ പയറ്റുന്നുണ്ട്. ആന്റി നാര്‍ക്കോട്ടിക് ടാസ്‌ക് ഫോഴ്‌സ് എന്ന പ്രത്യേക സേന രൂപീകരിച്ചിട്ടുണ്ട്. 2021-22 കാലഘട്ടത്തില്‍ 1232 പേരെയാണ് അറസ്‌റ്റ് ചെയ‌്തത്. 867എഫ് ഐ ആറുകളും രജിസ്‌റ്റര്‍ ചെയ‌്തത്. ഇന്റലിജന്‍സ് ഏജന്‍സിയും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
പാകിസ്ഥാന്‍ തന്നെയാണ് കാശ്‌മീരിലെ മയക്കുമരുന്ന് മാഫിയയ‌്ക്ക് പിന്നില്‍ എന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. അതിര്‍ത്തി പ്രദേശങ്ങളായ ഉറി, കുപ്‌വാര, രജൗരി, പൂഞ്ച് എന്നിവിടങ്ങളിലെല്ലാം ശക്തമായ നിരീക്ഷണമാണ് സൈന്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. താഴ്‌വരയില്‍ നിലനില്‍ക്കുന്ന തൊഴിലില്ലായ്‌മയാണ് പാകിസ്ഥാന്‍ ആയുധമാക്കുന്നത്.
ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ ഉറി, ബാരമുള്ള സെക്‌ടറില്‍ നിന്ന് 25 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. 2021 മേയില്‍ 50 കോടി വിലവരുന്ന ഹെറോയിന്‍ പൊലീസ് പിടികൂടുയിരുന്നു. താഴ്‌വര കാര്‍ന്നുതിന്നുന്ന ഈ വിപത്തിനെ വേരോടെ പിഴുതെറിയാന്‍ സൈന്യവും പൊലീസും മാത്രം വിചാരിച്ചാല്‍ നടക്കില്ല. പ്രദേശവാസികളുടെ സഹായം ഇക്കാര്യത്തില്‍ കൂടിയേ തീരൂ. ഇതിനായി ലഫ്. ഗവര്‍ണറുടെ നേതൃത്വത്തില്‍ വിപുലമായ ക്യാമ്ബും പൊതുജനങ്ങള്‍ക്കിടയില്‍ ഭരണകൂടം നടപ്പിലാക്കുന്നുണ്ട്.