ആര്‍മിയില്‍ ഓഫീസറാകാം, എന്‍ജിനിയറിങ് ബിരുദവും നേടാം; നവംബര്‍ 13 വരെ അപേക്ഷിക്കാം.

ഇന്ത്യന്‍ ആര്‍മിയില്‍ സ്ഥിരം കമ്മിഷന്‍ നിയമനത്തിനുള്ള കോഴ്‌സിലേക്ക് അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയില്‍ മികവുവേണം. 2026 ജൂലായില്‍ തുടങ്ങുന്ന 10+2 ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം (ടിഇഎസ്) കോഴ്‌സിലേക്കാണ് പ്രവേശനം.

യോഗ്യത
2026 ജൂലായ് ഒന്നിന് പതിനാറര വയസ്സില്‍ താഴെയോ പത്തൊന്‍പതര വയസ്സില്‍ കടുതലോ ആകരുത്. പ്ലസ് ടു/തത്തുല്യ കോഴ്‌സ് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ച് മൂന്നിനുംകൂടി മൊത്തത്തില്‍ 60 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം. രണ്ടാംവര്‍ഷ മാര്‍ക്കാണ് പരിഗണിക്കുക

അപേക്ഷിക്കുമ്പോള്‍ യഥാര്‍ഥ മാര്‍ക്ക് രണ്ടു ദശാംശ സ്ഥാനങ്ങളില്‍ (ക്രമപ്പെടുത്താതെ) രേഖപ്പെടുത്തണം. 2025-ലെ ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെഇഇ) മെയിന്‍ പേപ്പര്‍ 1 (ബിഇ/ബിടെക്) സ്‌കോര്‍ വേണം. മെഡിക്കല്‍ പരിശോധനയില്‍ വിജയിക്കുകയും നിശ്ചിത ഫിസിക്കല്‍ സ്റ്റാന്‍ഡേഡ്‌സ് തൃപ്തിപ്പെടുത്തുകയും വേണം. 90 ഒഴിവുകള്‍ ഉണ്ട്.

പരിശീലനം
പ്രീ കമ്മിഷന്‍ഡ് ട്രെയിനിങ് അക്കാദമികളില്‍ (പിസിടിഎ) നാലുവര്‍ഷ പരിശീലനം ഉണ്ടാകും

സ്റ്റൈപ്പെന്‍ഡ്
മൂന്നു വര്‍ഷ പരിശീലനം കഴിയുമ്പോള്‍ കെഡേറ്റുകള്‍ക്ക് പ്രതിമാസം 56,100 രൂപ നിരക്കില്‍ സ്റ്റൈപ്പൈന്‍ഡ് നല്‍കും.

നിയമനം, ബിരുദം, ശമ്പളം
പരിശീലനം പൂര്‍ത്തിയാക്കുമ്പോള്‍ ലഫ്റ്റനന്റ് റാങ്കില്‍ സ്ഥിരം കമ്മിഷന്‍ ലഭിക്കും. കൂടാതെ എന്‍ജിനിയറിങ് ബിരുദവും കിട്ടും.

ഭൂരിപക്ഷം ഓഫീസര്‍മാരുടെയും നിയമനം കോര്‍ ഓഫ് എന്‍ജിനിയേഴ്‌സ്, കോര്‍ ഓഫ് സിഗ്‌നല്‍സ്, കോര്‍ ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനിയേഴ്‌സ് എന്നിവയിലായിരിക്കും. പ്രതിവര്‍ഷ ശമ്പളം (സിടിസി) 17 മുതല്‍ 18 ലക്ഷം രൂപ വരെയായിരിക്കും. മറ്റാനുകൂല്യങ്ങളും ഉണ്ടാകും. വ്യക്തിപരമായ കാരണങ്ങളാല്‍ പരിശീലനത്തില്‍നിന്ന് പിന്‍വാങ്ങുന്നവരില്‍നിന്ന് പരിശീലനച്ചെലവ് ഈടാക്കും.

അപേക്ഷ
joinindianarmy.nic.in വഴി നവംബര്‍ 13-ന് 12 വരെ അപേക്ഷിക്കാം. വിജ്ഞാപനം ഇതേ സൈറ്റില്‍. അപേക്ഷിക്കുമ്പോള്‍ 2025-ലെ ജെഇഇ മെയിന്‍ പേപ്പര്‍ 1 (ബിഇ/ബിടെക്) അപേക്ഷാ നമ്പര്‍ നിര്‍ബന്ധമായും നല്‍കണം.

തിരഞ്ഞെടുപ്പ്
ജെഇഇ മെയിന്‍ 2025 പേപ്പര്‍ 1 കോമണ്‍ റാങ്ക് പട്ടിക പരിഗണിച്ച് കട്ട് ഓഫ് നിശ്ചയിച്ച് മിനിസ്ട്രി ഓഫ് ഡിഫന്‍സ് (ആര്‍മി) ഇന്റഗ്രേറ്റഡ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് അപേക്ഷകരെ രണ്ടാംഘട്ട തിരഞ്ഞെടുപ്പിന് ഷോര്‍ട് ലിസ്റ്റ് ചെയ്യും.

നവംബറില്‍ ഇതു സംബന്ധിച്ച അറിയിപ്പ് പ്രതീക്ഷിക്കാം. ഷോര്‍ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് അഞ്ച് ദിവസത്തെ രണ്ടു ഘട്ട സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് (എസ്എസ്ബി) ഇന്റര്‍വ്യൂ ഉണ്ടാകും. പ്രയാഗ് രാജ് (യുപി), ഭോപാല്‍ (മധ്യപ്രദേശ്), ബെംഗളൂരു (കര്‍ണാടക), ജലന്ധര്‍ (പഞ്ചാബ്) എന്നീ കേന്ദ്രങ്ങളിലൊന്നില്‍വെച്ച് ഫെബ്രുവരി/മാര്‍ച്ച് മാസങ്ങളിലാകും ഇത്. ആദ്യമായി എസ്എസ്ബി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രച്ചെലവ് നല്‍കും.

രണ്ടാംഘട്ടത്തില്‍ യോഗ്യതനേടുന്നവര്‍ക്ക് മെഡിക്കല്‍ പരിശോധനയുണ്ട്. ഇവയെല്ലാം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മെറിറ്റ്, ഒഴിവുകള്‍ എന്നിവ പരിഗണിച്ച് നിയമന ഉത്തരവ് നല്‍കും. ടിഇഎസ് എന്‍ട്രിക്കും എന്‍ഡിഎ എന്‍ട്രിക്കും അപേക്ഷിച്ചവര്‍ക്കു ബാധകമായ മെഡിക്കല്‍ പരിശോധനാ വ്യവസ്ഥകള്‍, സേവനവ്യവസ്ഥകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

spot_img

Related Articles

Latest news