തിരുവനന്തപുരം : കാര്യവട്ടത്തുള്ള ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ് മൈതാനത്തു വെള്ളിയാഴ്ച നടക്കുന്ന മെഗാ ആർമി റിക്രൂട്ട്മെന്റ് റാലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും റാലി നടക്കുക. ജില്ലാ ഡവലപ്മെന്റ് കമ്മിഷണർ ഡോ.വിനയ് ഗോയലിനെ നോഡൽ ഓഫിസറായി ജില്ലാ ഭരണകൂടം നിയോഗിച്ചു.
തെക്കൻ ജില്ലകൾക്കും വടക്കൻ ജില്ലകൾക്കും വെവ്വേറെ ദിവസങ്ങളിലാണ് തിരഞ്ഞെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുള്ളവർക്കായി ഈ മാസം 26 മുതൽ മാർച്ച് 5 വരെയായിരിക്കും റാലി . തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളവർക്ക് മാർച്ച് 6 മുതൽ 12 വരെയും.
48 മണിക്കൂർ മുൻപെടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. ഉദ്യോഗാർത്ഥികൾക്ക് വിശ്രമിക്കാൻ തൊട്ടടുത്ത സ്കൂളുകളിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. റാലിയിൽ പങ്കെടുക്കാൻ കെസ്ആർടിസി ബസ്സുകൾ ഏർപ്പെടുത്തിയിട്ടുണ്ട്
തെക്കൻ ജില്ലകളിൽ നിന്ന് 48,656 ഉദ്യോഗാർഥികളും വടക്കൻ ജില്ലകളിൽ നിന്ന് 42990 ഉദ്യോഗാർഥികളുമാണു റജിസ്റ്റർ ചെയ്തിട്ടുള്ളത് .