കിടക്കയില്‍ മൂത്രം ഒഴിച്ചതിന് അഞ്ചു വയസുകാരിക്ക് നേരെ കൊടുംക്രൂരത; സ്വകാര്യ ഭാഗത്ത് ചട്ടകം ചൂടാക്കി പൊള്ളിച്ചു: രണ്ടാനമ്മ അറസ്റ്റില്‍

പാലക്കാട്: അഞ്ചുവയസുകാരിയുടെ സ്വകാര്യഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റില്‍. പാലക്കാട് വാളയാറിലാണ് സംഭവം.കഞ്ചിക്കോട് കിഴക്കേമുറിയില്‍ താമസിക്കുന്ന ബീഹാർ സ്വദേശി നൂർ നാസറിനെയാണ് (35) വാളയാർ പൊലീസ് പിടീകൂടിയത്. ജനുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. കിടക്കയില്‍ മൂത്രം ഒഴിച്ചതിനായിരുന്നു രണ്ടാനമ്മയുടെ ക്രൂരത.

മർദനത്തിന് ഇരയായ കുട്ടി കഴിഞ്ഞ ദിവസം അങ്കണവാടിയില്‍ എത്തിയപ്പോള്‍ ഇരിക്കാൻ പ്രയാസപ്പെടുന്നത് അദ്ധ്യാപകരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതിനെതുടർന്ന് നടത്തിയ പരിശോധനയിലാണ് വിവരം പുറംലോകം അറിഞ്ഞത്. കുട്ടിയുടെ സ്വകാര്യഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റത് കണ്ട അദ്ധ്യാപിക ഉടൻ തന്നെ ചൈല്‍ഡ് ലൈനിലും പൊലീസിലും വിവരമറിയിക്കുകയായിരുന്നു.

അദ്ധ്യാപിക നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാളയാർ പൊലീസ് നൂർ നാസറിനെ കസ്റ്റഡിയിലെടുത്തു. ജൂവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ അച്ഛനും നേപ്പാള്‍ സ്വദേശിയുമായ ഇംന്ത്യാസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതി കുട്ടിയെ നിരന്തരം മർദിക്കാറുണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണ്.

spot_img

Related Articles

Latest news