കഴക്കൂട്ടം ∙ നവവധുവിനെ മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചെന്ന കേസിൽ ഭർത്താവിനെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്പഴന്തി അണിയൂർ കീരിക്കുഴിയിൽ ജലീൽ മൻസിലിൽ ആസിഫിനെയാണ്(28) അറസ്റ്റ് ചെയ്തത്. ചെങ്കോട്ടുകോണം ഷംനാദ് മൻസിലിൽ അറഫാ നജുമുദീനാണ്(22) ക്രൂരമായ മർദനത്തെത്തുടർന്ന് ചികിത്സയിലായത്.
ജനുവരി 25ന് ആയിരുന്നു വിവാഹം. 2 ആഴ്ച തികയുംമുൻപ് അറഫയെ മർദിച്ചെന്നാണു ബന്ധുക്കളുടെ പരാതി. കഴിഞ്ഞ 17ന് അറഫ മൊബൈൽ ഫോണിൽ മാതാവിന്റെ സഹോദരിയെ വിളിച്ചിരുന്നു. ഇതിൽ പ്രകോപിതനായ ആസിഫ് മുഖത്ത് അടിക്കുകയും മുതുകിൽ ചവിട്ടുകയും വലതു കാൽമുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്തെന്നാണു പരാതി. തുടർന്ന് കുപ്പികൊണ്ട് നെഞ്ചിലും വാരിയെല്ലിലും അടിച്ചെന്നും പരാതിയുണ്ട്. അറഫയുടെ വാരിയെല്ലിനും നെഞ്ചിനും വലതു കാൽമുട്ടിനും ഗുരുതര പരുക്കുണ്ട്.

