യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റ്; പാലാരിവട്ടം പോലീസ് സ്റ്റേഷന് മുന്നില്‍ സംഘര്‍ഷം,അറസ്റ്റ് ചെയ്തവരെ വിട്ടയക്കുന്നത് വരെ സമരം തുടരും

കൊച്ചി: പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ വൻ സംഘര്‍ഷം. നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് കസ്റ്റഡിയിലെടുത്ത യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിടാത്തതിനെതിരെയായിരുന്നു പ്രതിഷേധം.പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.

ഹൈബി ഈഡൻ എംപി, അൻവര്‍ സാദത്ത് എംഎല്‍എ, ഉമ തോമസ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രതിഷേധക്കാര്‍ റോഡില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

യൂത്ത് കോണ്‍ഗ്രസ് തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റിയാണ് കരിങ്കൊടി കാട്ടിയത്. അഞ്ച് പ്രവര്‍ത്തകരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. അറസ്റ്റ് ചെയ്തവരെ വിട്ടയക്കും വരെ പ്രതിഷേധം തുടരുമെന്ന് ഹൈബി ഈഡൻ പ്രതികരിച്ചു. മുഖ്യമന്ത്രി ഗസ്റ്റ് ഹൗസില്‍ കയറിയ ശേഷം ജാമ്യത്തില്‍ വിടുമെന്നാണ് പൊലീസ് അറിയിച്ചിരുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. കച്ചീട്ട് ഒപ്പിട്ടുവാങ്ങിയശേഷം പിന്നീട് ജാമ്യത്തില്‍ വിടില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതിനിടെ രാഷ്ട്രീയ ഇടപെടലുണ്ടാവുകയും പിന്നാലെ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ കൂടി എഴുതിച്ചേര്‍ക്കുകയുമായിരുന്നു. പ്രവര്‍ത്തകരെ വിടണമെന്ന് ആവശ്യപ്പട്ട് സ്റ്റേഷനിലെത്തിയ നേതാക്കൻമാരോട് മോശമായാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ഇതോടെ നേതാക്കളും പൊലീസും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. സ്റ്റേഷനിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറാനും ശ്രമിച്ചു. അറസ്റ്റ് ചെയ്ത മുഴുവൻ പ്രവർത്തകരെയും വിട്ടയക്കുന്നത്‌ വരെ സമരം തുടരുമെന്ന് നേതാക്കൻമാർ പറഞ്ഞു. .

spot_img

Related Articles

Latest news