ഫാദർ സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിൽ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ദുഃഖവും ഉത്ക്കണ്ഠയും രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നും മനുഷ്യത്വരഹിതമായ സമീപനം കാട്ടിയവർക്ക് അർഹമായ ശിക്ഷ നല്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
വലിയവിഭാഗം ജനങ്ങൾ അദ്ദേഹത്തിന്റെ മരണം ഭരണകൂട കൊലപാതകമായാണ് കരുതുന്നത്. ഝാർഖണ്ഡിൽ നിന്നുള്ള 84 കാരനായ ജെസ്യൂട്ട് പുരോഹിതനായ അദ്ദേഹം ആദിവാസികളെ സംഘടിപ്പിക്കുന്നതിലും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും സജീവമായിരുന്നു.
ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെടുത്തി കഴിഞ്ഞ വർഷം ഒക്ടോബറിൽ കിരാതമായ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി രോഗങ്ങൾ ഉണ്ടായിട്ടും മതിയായ ചികിത്സപോലും നിഷേധിച്ചു.
അദ്ദേഹത്തിന്റെ മരണത്തെതുടർന്ന് നീതിപീഠം, കസ്റ്റഡിയിൽ വച്ചുള്ള സമീപനങ്ങൾ, ചികിത്സാ നിഷേധം എന്നിവ സംബന്ധിച്ച നിരവധി ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ടെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.