ആറു വര്‍ഷത്തിനിടെ 500 മോഷണം
കണ്ണൂര്‍ : മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ലാപ്ടോപ്പ് മോഷ്ടിക്കുക, പണത്തിനു വേണ്ടിയല്ല. മോഷ്ടാവിന് പറയാനുള്ളത് ആറു വര്‍ഷത്തെ പ്രതികാര കഥയാണ്.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍നിന്ന് പി.ജി. വിദ്യാര്‍ഥിനിയുടെ ലാപ്‌ടോപ്പ് മോഷ്ടിച്ച കേസിലാണ് തമിഴ് സെല്‍വന്‍ കണ്ണന്‍(25) അറസ്റ്റിലാകുന്നത്. അതിന് പിന്നാലെയാണ് ആറു വര്‍ഷം നീണ്ട മോഷണ പരമ്ബരയുടെ കഥ പുറത്തുവരുന്നത്.
മേയ് 28-ന് കണ്ണൂരില്‍ തീവണ്ടിയിറങ്ങി പരിയാരത്തെത്തിയ ഇയാള്‍ മെഡിക്കല്‍ കോളേജിന്റെ എട്ടാം നിലയിലെ അടച്ചിട്ട ഹോസ്റ്റല്‍ മുറിയുടെ പൂട്ട് തകര്‍ത്താണ് 40,000 രൂപ വിലവരുന്ന ലാപ്‌ടോപ്പ് മോഷ്ടിച്ചത്. മെഡിക്കല്‍ പി.ജി. വിദ്യാര്‍ഥിനി ഡോ. അശ്വതി നാട്ടില്‍ പോയപ്പോഴാണ് മുറിയില്‍ മോഷണം നടന്നത്.
തമിഴ് സെല്‍വന്‍ മോഷണം നടത്തി ഇറങ്ങിപ്പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയവരുടെ മൊബൈല്‍ ഫോണ്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് സേലത്തു നിന്ന് തമിഴ് സെല്‍വന്‍ അറസ്റ്റിലാകുന്നത്. എക്സിക്യുട്ടീവിനെപ്പോലെ വേഷം ധരിച്ചെത്തുന്ന ഇയാള്‍ ഒരു സംശയത്തിനും ഇട കൊടുക്കാതെയാണ് മോഷണം നടത്തുന്നത്.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ആറ് വര്‍ഷമായി രാജ്യത്തെ വിവിധ മെഡിക്കല്‍ കോളജുകളില്‍ ഇയാള്‍ നടത്തിയ പീഡനങ്ങളെക്കുറിച്ച് പറയുകയായിരുന്നു.
2015-ല്‍ കാമുകിയോട് സൈബര്‍ ഭീഷണി മുഴക്കിയതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ചില മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഇയാളോട് മോശമായി പെരുമാറി. ഇതോടെയാണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠനവിവരങ്ങള്‍ സൂക്ഷിച്ചിട്ടുള്ള ലാപ്ടോപ്പുകള്‍ മോഷ്ടിച്ചു തുടങ്ങിയത്. അവരെ മാനസികമായി തളര്‍ത്തുകയായിരുന്നു ലക്ഷ്യം. പിന്നീട് അതൊരു ശീലമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റലുകളില്‍ ചെന്ന് ലാപ്‌ടോപ്പുകള്‍ മോഷ്ടിക്കാന്‍ തുടങ്ങി. കൂടുതല്‍ മോഷണങ്ങളും നടത്തിയത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്.
ഗുജറാത്തിലെ ജാംനഗറില്‍ സമാനമായ മോഷണം നടത്തിയതിന് 2020 ഡിസംബറില്‍ ഇയാള്‍ പിടിയിലായിരുന്നു. ജാംനഗറിലെ എം.പി. ഷാ മെഡിക്കല്‍ കോളേജില്‍ നിന്ന് ആറ് ലാപ്‌ടോപ്പുകള്‍ കവര്‍ന്നതിനായിരുന്നു അറസ്റ്റ്. ഇന്റര്‍നെറ്റ് വഴി വിവിധ സ്ഥലങ്ങളിലെ മെഡിക്കല്‍ കോളേജുകളുടെ വിലാസം ശേഖരിച്ചാണ് കവര്‍ച്ചയ്ക്കെത്തുന്നത്.