മുംബൈ – ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാര്‍ ദീര്‍ഘ ക്വാറന്റൈന്‍ തുടങ്ങി. ചാര്‍ട്ടര്‍ വിമാനങ്ങളിലാണ് കളിക്കാരെയും സപ്പോര്‍ട് സ്റ്റാഫിനെയും വിവിധ നഗരങ്ങളില്‍ നിന്ന് മുംബൈയിലേക്ക് കൊണ്ടുവന്നത്.
രണ്ടാഴ്ച മുംബൈയില്‍ കഴിഞ്ഞ ശേഷമേ സംഘത്തിന് ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കാനാവൂ. സൗതാംപ്റ്റനിലെ തമ്പിലെത്തിയ ശേഷം 10 ദിവസം കൂടി ക്വാറന്റൈനില്‍ നില്‍ക്കണം. ന്യൂസിലാന്റിനെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലും ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുമാണ് ഇന്ത്യ കളിക്കേണ്ടത്.
ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20 കളും കളിക്കാന്‍ പോവുന്ന വനിതാ ടീമും ഒപ്പമുണ്ടാവും. രണ്ടു ടീമും ഒരുമിച്ച് ജൂണ്‍ രണ്ടിന് ചാര്‍ട്ടേർഡ് വിമാനത്തില്‍ ലണ്ടനിലേക്ക് പറക്കും.
കോവിഡ് സാഹചര്യം പരിഗണിച്ച് പുരുഷ ടീമില്‍ 20 കളിക്കാരെ ഉള്‍പെടുത്തിയിട്ടുണ്ട്. മുംബൈയില്‍ താമസിക്കുന്നവര്‍ വീട്ടിലും മുംബൈക്കു പുറത്ത് താമസിക്കുന്നവര്‍ ടീം ഹോട്ടലിലും ക്വാറന്റൈന്‍ ആരംഭിച്ചു.
മുംബൈയില്‍ താമസിക്കുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്ലി, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ, കോച്ച് രവി ശാസ്ത്രി തുടങ്ങിയവര്‍ ടീം ഹോട്ടലില്‍ 24 ന് ജൈവകവചത്തില്‍ പ്രവേശിക്കും. ക്വാറന്റൈനിനിടയില്‍ മൂന്ന് നെഗറ്റിവ് ഫലങ്ങള്‍ ലഭിച്ചാലേ ലണ്ടനിലേക്ക് തിരിക്കാനാവൂ.
കോവിഡ് ബാധിതനായ വിക്കറ്റ്കീപ്പര്‍ വൃദ്ധിമാന്‍ സാഹ നെഗറ്റിവായി ടീമിനൊപ്പം ചേരുന്നുണ്ട്. സൗതാംപ്റ്റനിലെ ക്വാറന്റൈനിനിടെ കളിക്കാര്‍ക്ക് പരിശീലനത്തിന് അനുവാദമുണ്ട്.
കളിക്കാര്‍ക്കൊപ്പം സഞ്ചരിക്കുന്ന കുടുംബാംഗങ്ങളും ജൈവകവചത്തിന്റെ ഭാഗമാണ്. അവരും കളിക്കാര്‍ക്ക് സമാനമായ കോവിഡ് ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്.
ജൂണ്‍ 18 നാണ് ന്യൂസിലാന്റിനെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനല്‍ തുടങ്ങുന്നത്. ന്യൂസിലാന്റ് കളിക്കാരെല്ലാം ലണ്ടനിലെത്തി.