ജൂൺ 21 : ഇന്ന് അന്താരാഷ്ട്ര യോഗാദിനം

By : അബ്ദുൾകലാം ആലംകോട്

ശാരീരികമായും മാനസികമായും ആത്മീയമായും മനസ്സിന്റെ ചാഞ്ചല്യങ്ങളെ നിയന്ത്രിക്കാനും ശരീരത്തിന്റെ മെയ് വഴക്കം (ഫ്ലെക്സിബിലിറ്റി) നിലനിറുത്തി സ്റ്റിഫ്‌നെസ്സ് വരാതെ ( Flexibility is life, stiffness is death ) സൂക്ഷിക്കാൻ യോഗയെ പോലെ ഉപകാരപ്പെടുന്ന മറ്റൊരു വ്യായാമ മുറയില്ലെന്ന് തന്നെ പറയാം. പ്രായം കൂടും തോറും ശരീര അവയവങ്ങൾ ചലിപ്പിക്കാൻ മിക്കപേർക്കും കഴിയാറില്ല. അതിന് നല്ലൊരു പരിഹാരമാർഗമാണ് യോഗ പരിശീലനം .

യോഗാ ശാസ്ത്രത്തിന്റെ പിതാവായ പതഞ്‌ജലി മഹർഷി നമ്മുടെ ഭാരതത്തിന് പകർന്നു കിട്ടിയ യോഗ ഇന്ന് മറ്റു ലോകരാജ്യങ്ങളിൽ അംഗീകാരം നേടി കഴിഞ്ഞു. 2014 സെപ്റ്റംബർ 27 ന് ഐക്യരാഷ്ട്ര സഭയുടെ 69-ആം സമ്മേളനത്തിൽ വെച്ച് നമ്മുടെ പ്രധാനമന്ത്രി മുന്നോട്ട് വെച്ച ആശയ പ്രകാരം ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കാൻ തീരുമാനിച്ചു.193 രാജ്യങ്ങളിൽ 175 രാജ്യങ്ങളും വോട്ടിനിടാതെ തന്നെ ഈ തീരുമാനത്തെ അംഗീകരിച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രാലയമായ ആയുഷിന്റെ കീഴിൽ ന്യൂഡൽഹിയിൽ വെച്ച് 84 രാജ്യങ്ങളിൽ നിന്നായി 35985 പേരെ പങ്കെടുപ്പിച്ച് 2015 ജൂൺ 21 ന് നടന്ന ആദ്യ യോഗാദിനം ലോക റിക്കാർഡ് സൃഷ്ടിച്ചു കൊണ്ട് ഗിന്നസ് ബുക്കിൽ ഇടം നേടി. Be with yoga be at home (യോഗയോടൊപ്പം വീടുകളിൽ) എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട്‌ ഈ വർഷം അന്താരാഷ്ട്ര യോഗാദിനം ആചരിക്കുന്നു.

ഈ മഹാമാരിയിൽ യോഗക്ക് വളരെ പ്രാധാന്യം കൂടിയിട്ടുണ്ട്. ശരീരത്തിന്റെ പ്രതിരോധ ശക്തിയെ പുഷ്ടിപ്പെടുത്തിയും ശ്വാസകോശങ്ങൾക്ക് വ്യായാമം നൽകിയും ഈ കോവിഡ് കാലത്ത് നമ്മുടെ ശരീരത്തെ സംരക്ഷിക്കാം. ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയുന്നത് കൊണ്ട് ഉണ്ടാകുന്ന വിഷമങ്ങളും ശ്വാസ കോശങ്ങളെ ബാധിക്കുന്ന പ്രയാസങ്ങളും യോഗയിലെ പ്രധാന വ്യായാമ മുറയായ ദീർഘശ്വസന വ്യായാമത്തിലൂടെ പരിഹരിക്കാൻ കഴിയുന്നു.

ഇന്നത്തെ ചുറ്റുപാടിൽ മാനസിക പിരിമുറുക്കം കൊണ്ടുള്ള ശരീരത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും യോഗ ഒരു ചികിത്സാ വിധിയും കൂടിയാണ്. ഒരു വൈദ്യന്റെ അടുത്ത് പോയി നമ്മുടെ ശരീരത്തിന് നമുക്ക് മരുന്നു കൊടുക്കുമ്പോൾ നമ്മുടെ മാനസിക രോഗങ്ങൾക്ക് യോഗ ചികിത്സാ വളരെ ഫലപ്രദമാണ് എന്ന് തെളിയിച്ചിട്ടുണ്ട്. ചില മരുന്നുകൾ ശരീരത്തിന് പാർശ്വഫലങ്ങൾ ചെയ്യുന്നുവെങ്കിൽ യോഗ ചികിത്സ അങ്ങനെ ഒരു ദോഷവും ശരീരത്തിന് വരുത്തുന്നില്ല എന്ന് നിസ്സംശയം പറയാം .

ഭാരതത്തിന്റെ സാംസ്‌കാരിക ചികിത്സാ രീതിയായ യോഗയെ നിർഭാഗ്യവശാൽ ചിലർ മതത്തിന്റെ മേലങ്കി ചാർത്തി കൊണ്ട് വർഗ്ഗീയവൽക്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത് ഒരിക്കലും യോഗയുടെ മുന്നോട്ടുള്ള പ്രചാരണത്തിന് അഭികാമ്യമല്ല, വിശേഷിച്ചും, നിത്യ ജീവിതത്തിന്റെ തന്നെ ഭാഗമായി യോഗയെ പരിശീലിക്കേണ്ടത് വളരെ അത്യാവശ്യമായി കൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിൽ. അതിനാൽ നമുക്കും ഈ യജ്ഞത്തിൽ പങ്കാളികളാകാം.

 

പ്രവാസി എഴുത്തുകാരനായ അബ്ദുൽ കലാം ആലംകോട് ദുബൈയിൽ ജോലി ചെയ്യുന്നു. പതിറ്റാണ്ടുകൾ മുമ്പേ യോഗയിൽ ഡിപ്ളോമ നേടിയിട്ടുള്ള ലേഖകൻ മലപ്പുറം ആലംകോട് സ്വദേശിയാണ്.

 

 

spot_img

Related Articles

Latest news