കേരളം മതസൗഹാർദം പൂത്തുലഞ്ഞ കേന്ദ്രം.

കേരളം മതസൗഹാർദം പൂത്തുലഞ്ഞ കേന്ദ്രം.

സോഷ്യൽ മീഡിയയിലൂടെ ഇന്ന് പ്രചരിച്ച ഒരു വാർത്ത കണ്ടു,
വയനാട് ജില്ലയിലെ മുട്ടിൽ ജുമാ മസ്ജിദിന്റെ ആദ്യകാല പ്രസിഡണ്ടും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന രാധാ ഗോപി മേനോന്റെ മകൻ കളത്തിൽ ദിവാകരൻ മരണപ്പെട്ടു.
ഇവിടെ ചില ചിന്തകൾ പങ്കുവെക്കുകയാണ് : ഇപ്പോൾ എവിടെയും വിഷം തുപ്പുന്ന വാർത്തകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. മാനവികതക്ക് കൂച്ചുവിലങ്ങിട്ടു കൊണ്ട് മതസൗഹാർദ്ദം തകർക്കുന്ന ഏർപ്പാടുകളിലാണ് കേരളത്തിലെ ചില ആൾക്കാർ മുഴുകിയിരിക്കുന്നത്. ഇതര മതസ്ഥരെ ഏതെല്ലാം രൂപത്തിൽ ഇകഴ്ത്താം എന്നാണ് എതിർപക്ഷം ആലോചിക്കുന്നത്.
മുൻകാല ചരിത്രം നാം പരിശോധിച്ചാൽ ധാരാളം സുവർണ്ണ കാലഘട്ടങ്ങൾ കടന്നുപോയിട്ടുണ്ട്. സാമൂതിരി രാജാവിന്റെ കൂടെ മുസ്ലിംകളായ സേനാനികൾ ധാരാളം ഉണ്ടായിരുന്നു. അറബി ഭാഷയിലുള്ള കത്തുകളാണ് സാമൂതിരിക്ക് പലപ്പോഴും ലഭിച്ചിരുന്നത്. അത് വായിക്കാൻ അവിടെ അറബി പഠിച്ച പണ്ഡിതന്മാരെ നിയോഗിച്ചിരുന്നു. പണ്ട് പണ്ട് അറബികൾ കോഴിക്കോട്ട് കപ്പലിറങ്ങിയപ്പോൾ ഇവിടുത്തെ രാജാക്കന്മാർ അവരെ പൂച്ചെണ്ടു നൽകി സ്വീകരിക്കുകയാണ് ചെയ്തത്. കടലോര പ്രദേശങ്ങളിലെ സ്ത്രീജനങ്ങളെ കല്യാണം കഴിക്കുകയും അവിടെ താമസിക്കുകയും ചെയ്തിരുന്നു അവർ. കോഴിക്കോട് മുതൽ കണ്ണൂർ വരെ മരുമക്കത്തായ സമ്പ്രദായം ഉണ്ടായത് അങ്ങനെയാണ്. ഇവിടേക്ക് വന്ന അതിഥികളായ അറബികൾക്ക് തങ്ങളുടെ മക്കളെ വിവാഹം ചെയ്തു കൊടുക്കാൻ, ഒരിക്കലും ഇവിടെയുള്ള അമുസ്ലീങ്ങൾ മടി കാണിച്ചില്ല. തളി ക്ഷേത്രവും കോഴിക്കോട്ടേ ഖാളിമാരും തമ്മിലുള്ള ബന്ധം നമുക്ക് ഏവർക്കും അറിയാം. കോഴിക്കോട്ടെ മിഷ്കാൽ പള്ളി മത സൗഹാർദ്ദത്തിന്റെ കേന്ദ്രമാണ്. പാണക്കാട് മതസൗഹാർദത്തിന്റെ ഇറ്റില്ലമാണ്. അങ്ങാടിപ്പുറം ക്ഷേത്രത്തിന്റെ വാതിൽ ഏതോ സാമൂഹ്യവിരുദ്ധർ തീ കൊടുത്തപ്പോൾ അവിടെ ഓടിയെത്തിയത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ആയിരുന്നു. ബാബരി മസ്ജിദ് തകർന്നപ്പോൾ കേരളത്തിൽ അതിന്റെ പ്രതികരണം സൗഹാർദ്ദത്തിലാണ് ഉണ്ടായത്.
പ്രവാചകൻ മുഹമ്മദ് നബി (സ്വ)യുടെ ജീവിതം പഠിക്കുന്നവർക്ക് ഒരുപാട് വഴികൾ കണ്ടെത്താൻ കഴിയും. ഇസ്ലാമിന്റെ ശത്രുക്കൾ സാധനങ്ങളും മറ്റും വിശ്വസിച്ചേൽപ്പിച്ചിരുന്നത് അൽ അമീൻ ആയിരുന്ന പ്രവാചകന്റെ അടുക്കലാണ്. മക്കയിൽ നിന്നും പലായനം നടത്തുമ്പോൾ അവയൊക്കെ തിരിച്ചേൽപ്പിക്കാൻ പ്രവാചകൻ തന്റെ മകളുടെ ഭർത്താവായ അലി( റ )യെയാണ് ഏൽപ്പിച്ചത്. മദീനയിലും ജൂതന്മാരും ക്രിസ്ത്യാനികളുമായി പ്രവാചകൻ സൗഹൃദത്തിലാണ് കഴിഞ്ഞത്. പ്രവാചകന്റെ കാലശേഷം ഉമർ( റ) ഓരോ രാജ്യങ്ങളിൽ പര്യടനം നടത്തുന്നതിനിടയിൽ നമസ്കാര സമയമായപ്പോൾ പുരോഹിതന്മാർ അദ്ദേഹത്തോട് ചർച്ചിൽ വച്ച് നമസ്കരിക്കാൻ പറഞ്ഞു. ദീർഘവീക്ഷണത്തോടെ ഉമർ (റ) പ്രതികരിച്ചു. ഇന്ന് ഈ ചർച്ചിൽ വച്ച് ഞാൻ നമസ്കരിച്ചാൽ നാളെ ഇതിന് മുസ്ലിങ്ങൾ അവകാശവാദം ഉന്നയിച്ചേക്കാം. വിശ്വാസവും ആദർശവും തന്റെ വ്യക്തിപരമായ നിലക്ക് നീങ്ങുന്നു. തന്റെ ദേഹത്ത് അടിച്ചു വാരിയ മണ്ണ് ഇട്ടിരുന്ന ജൂത പെൺകുട്ടി അസുഖം ബാധിച്ചപ്പോൾ അവളെ റസൂൽ(സ )സന്ദർശിക്കുകയുണ്ടായി.
സൗഹൃദത്തോടും സമാധാനത്തോടും സ്നേഹത്തോടും നാട്ടിൽ ജീവിക്കണം എന്നാണ് എല്ലാ വിഭാഗം ആൾക്കാരും ആഗ്രഹിച്ചിരുന്നത്.
വയനാട് ജില്ലയിലെ മുട്ടിൽ ജുമാ മസ്ജിദ് കമ്മിറ്റിയിൽ നടത്തിപ്പുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ടായി. നടത്തിപ്പിനു വേണ്ടി ആരും തന്നെ തയ്യാറായില്ല. അന്നാട്ടിലെ ഏറ്റവും വലിയ പണക്കാരനും കേളികേട്ട ആളുമായ രാധാ ഗോപി മേനോൻ പള്ളി നടത്തിപ്പ് ഏറ്റെടുത്തു. വയനാട് ഭാഗത്തെ പൗരപ്രമുഖനും പണ്ഡിതനും ആയിരുന്ന ഹൈദർ ഉസ്താദ് ഇദ്ദേഹത്തിന്റെ അടുത്ത സ്നേഹിതൻ ആയിരുന്നു.ഡോക്ടർ ജമാലുദ്ദീൻ ഫാറൂഖിയുടെയും മറ്റും പിതാവാണ് ഹൈദർ ഉസ്താദ്. വയനാട്ടിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കാളിയായി
. മുട്ടിൽ ഓർഫനേജും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും മുട്ടിൽ_- കുട്ടമംഗലം പ്രദേശത്ത് വന്നപ്പോൾ വയനാടിന് ഉശിരും ഉണർവും വന്നു.
എല്ലാ വെള്ളിയാഴ്ചയും മുട്ടിൽ ജുമാ മസ്ജിദിൽ എത്തുന്ന രാധ ഗോപി മേനോൻ പള്ളിമുറ്റത്ത് ഒരു മേശ ഇട്ട് വരിസംഖ്യ പിരിക്കുമായിരുന്നു. ബാക്കി വരുന്നതെല്ലാം തന്റെ സമ്പാദ്യത്തിൽ നിന്നാണ് അദ്ദേഹം ചെലവഴിച്ചത്. മുട്ടിൽ വിവേകാനന്ദ ആശുപത്രിക്ക് അരികിലായിരുന്നു അദ്ദേഹം താമസിച്ചത്.
കേരളത്തിൽ അങ്ങോളമിങ്ങോളം പരിശോധിച്ചാൽ ഈ രൂപത്തിലുള്ള മതസൗഹൃദങ്ങൾ ഏറെ കാണാൻ കഴിയും. ശബരിമലയിലെ അയ്യപ്പന്റെ ഏറ്റവും വലിയ കൂട്ടുകാരൻ ആയിരുന്നു വാവർ. ശബരിമല കയറി ഏറ്റവും ഉച്ചിയിൽ സന്നിധാനത്ത് എത്തിയാൽ അവിടെ വാവരുടെ പള്ളി കാണാം. അതിലെ ആഴത്തിലുള്ള വിശ്വാസകാര്യങ്ങൾ ഒന്നും തൽക്കാലം നമുക്ക് ചികയേണ്ടതില്ല. എവിടെയും സൗഹാർദം പൂത്തുലയണമെന്നാണ് ജനങ്ങൾ ആഗ്രഹിച്ചിരുന്നത്. നമ്മുടെ നാട്ടിൽ തന്നെ അറിയാം. ഇവിടെയുള്ള മുസ്ലീങ്ങളും ഹിന്ദുക്കളും ക്രിസ്ത്യാനികളും വളരെ അടുത്ത് ഇടപഴുകുന്നവരാണ്. തന്റെ വീടിന്റെ അയൽവക്കത്ത് താമസിക്കുന്ന കാളി പെണ്ണും ചിന്നനും എല്ലാ നേരവും ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് നമ്മൾ ശ്രദ്ധിക്കും. ഉള്ളു തുറന്ന സംസാരവും മനം നിറഞ്ഞ പെരുമാറ്റവും മൈത്രി ഭാവത്തിന് മാറ്റുകൂട്ടി. ആരൊക്കെ വിദ്വേഷത്തിന്റെ ഭൂതത്തെ അഴിച്ചുവിട്ടാലും ആ ഭൂതം വന്നവഴിക്ക് തിരിച്ചയക്കുന്ന പ്രവർത്തനമാണ് ഇവിടെ നടന്നത്. ഒരു മുസ്ലിം മരിച്ചു കഴിഞ്ഞാൽ അദ്ദേഹത്തിന്റെ മയ്യിത്തിനെ അനുധാവനം ചെയ്യുകയും മറമാടുന്നതുവരെ പള്ളിപ്പറമ്പിൽ കഴിഞ്ഞു കൂടിയിരുന്ന അമുസ്ലിം സഹോദരന്മാരെ നാം എത്രയോ കണ്ടതാണ്.
കേരള ചരിത്രത്തിന്റെ പഴയ ഏടുകൾ നാം പരിശോധിച്ചാൽ ഒരുപാട് ഉദാഹരണങ്ങൾ കാണാം. വക്കം മൗലവിയുടെ അഭ്യർത്ഥന മാനിച്ച് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അറബി പഠിപ്പിക്കാൻ ഉത്തരവ് നൽകിയത് ശ്രീമൂലം തിരുനാൾ ആയിരുന്നു. കണ്ണൂരിലെ അറക്കൽ കൊട്ടാരം മതസൗഹാർദ്ദത്തിന്റെ വേദിയായിരുന്നു.
മത വിദ്വേഷം പ്രചരിപ്പിക്കുന്നവർ തങ്ങൾ ചെയ്യുന്നത് ഏറ്റവും വലിയ അപരാധമാണെന്ന് മനസ്സിലാക്കണം. തമ്മിൽ തല്ലാനും കൊല്ലാനും അല്ല നാം ഈ ഭൂമിയിൽ ജീവിക്കുന്നത്. ഇവിടെ ഓരോരുത്തരും തോളിൽ കയ്യിട്ടു സൗഹൃദത്തോടെയും പുഞ്ചിരിയോടെയും നീങ്ങുന്നു
. ആരാധനയും വിശ്വാസവും എല്ലാം അതിനിടയിൽ നടക്കുന്നു. ഒന്നുകൂടെ ഓർമിപ്പിക്കട്ടെ പ്രവാചകൻ മരിക്കുമ്പോൾ അദ്ദേഹത്തിന്റെ പടയങ്കി വരെ ഏൽപ്പിച്ചിരുന്നത് ഒരു ജൂതനെയായിരുന്നു
പ്രവാചകൻ മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്തപ്പോൾ അദ്ദേഹത്തിന് വഴികാട്ടിയായി ഉണ്ടായിരുന്നത് ഒരു അമുസ്ലിം ചെറുപ്പക്കാരനായിരുന്നു.
ഇതൊക്കെ മനസ്സിലാക്കിയിട്ടും കണ്ടില്ലെന്ന രൂപത്തിൽ പ്രതികരിക്കുന്ന സമൂഹത്തെയാണ് നാമിപ്പോൾ ദർശിക്കുന്നത്. ഇവിടെ ഇപ്പോൾ ഒരു സ്ഫോടനം നടന്നപ്പോൾ, അവിടെയും ഇരുണ്ട മുഖങ്ങളെയാണ് നാം ദർശിച്ചത്. ഒരാൾ സ്വയം അത് ഏറ്റെടുത്തപ്പോൾ വലിയ പ്രശ്നമില്ലാതെ കഴിഞ്ഞു.
പ്രിയ സോദരെ,
നമ്മൾ ഒത്തൊരുമയോടെ ഏകോദര സഹോദരന്മാരെ പോലെ കഴിയുക. ഓരോരുത്തർക്കും അവനവന്റെ മതവിശ്വാസങ്ങളിൽ അധിഷ്ഠിതമായ ജീവിതവും നയിക്കാം. പിണങ്ങാനും തർക്കിക്കാനും ശത്രുത പുലർത്താനും ഇവിടെ സമയമില്ല. ഏതൊരു സമയവും ആറടി മണ്ണിലേക്ക് നമ്മെ എടുത്തുകൊണ്ടു പോകപ്പെടും. ഇരുണ്ടതും കറുത്തതുമായ മനസ്സിൽ നിന്ന് പ്രകാശമാനമായ മനസ്സിലേക്ക് നമുക്ക് തിരിക്കാം.
എവിടെയും ശാന്തിയും സമാധാനവും കളിയാട്ടട്ടെ.

ലേഖകൻ: എ ആർ. കൊടിയത്തൂർ.

spot_img

Related Articles

Latest news