സംസ്ഥാന വ്യാപകമായി സമരം കടുപ്പിക്കാന്‍ തീരുമാനിച്ച് ആശവര്‍ക്കര്‍മാരുടെ സംഘടനയായ കേരള ആശ ഹെല്‍ത്ത് വര്‍ക്ക് അസോസിയേഷന്‍.ഇന്ന് മലപ്പുറം, ആലപ്പുഴ കലക്‌ട്രേറ്റുകളിലേക്ക് ആശവര്‍ക്കര്‍മാര്‍ മാര്‍ച്ച് നടത്തും. ആശവര്‍ക്കര്‍മാരെ പിന്തുണച്ച് കോണ്‍ഗ്രസും സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും.
സെക്രട്ടേറിയറ്റ് പടിക്കലെ ആശാവര്‍ക്കര്‍മാരുടെ സമരം പതിനെട്ടാം ദിവസത്തിലേക്ക് കടന്നു. സര്‍ക്കാര്‍ സമരത്തെ കൈകാര്യം ചെയ്യുന്ന രീതിയോട് സിപിഐക്കുള്ളില്‍ എതിര്‍പ്പുണ്ട്. മാര്‍ച്ച് 3ന് സെക്രട്ടറിയേറ്റിന് മുന്നിലെ രാപകല്‍ സമരത്തിന് നേതൃത്വം നല്‍കുന്ന കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നിയമസഭാ മാര്‍ച്ച് നടത്തും.
“ഫെബ്രുവരി 20ന് നടന്ന മഹാസംഗമത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയ പ്രമുഖര്‍ക്കും സമര നേതാക്കള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുകൊണ്ടൊന്നും സമരത്തെ തകര്‍ക്കാന്‍ കഴിയില്ല. ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി വിജയം വരെ മുന്നോട്ടുപോകുമെന്ന്” അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം. എ ബിന്ദു പറഞ്ഞു.