നാഗോയ: ഏഷ്യൻ ഗെയിംസിലെ വനിതകളുടെ ലോംഗ് ജമ്പില്‍ ഇന്ത്യയുടെ അൻസി സോജന് വെള്ളി മെഡല്‍. മികച്ച പോരാട്ടത്തിനൊടുവിലാണ് ആൻസി വെള്ളി മെഡല്‍ സ്വന്തമാക്കിയത്.6.53 മീറ്ററാണ് താരത്തിന്റെ മികച്ച ദൂരം. മത്സരത്തിന്റെ ഭൂരിഭാഗവും ആധിപത്യം പുലർത്തിയെങ്കിലും ആൻസി വെള്ളിയിലേക്ക് വീഴുകയായിരുന്നു. അവസാന നിമിഷങ്ങളില്‍ ചൈനയുടെ ഹുവാങ് യിംഗ്യംഗ് ആൻസിയെ മറികടന്ന് 6.55 മീറ്റർ ചാടി ഒന്നാം സ്ഥാനത്തെത്തി സ്വർണം നേടി.
ആദ്യ ശ്രമത്തില്‍ 6.49 മീറ്റർ കണ്ടെത്തിയ അൻസി പിന്നീട് രണ്ടാം ശ്രമത്തില്‍ ഫൗള്‍ ചെയ്തു. മൂന്നാം ശ്രമത്തില്‍ 6.46 മീറ്ററും നാലാം ശ്രമത്തില്‍ 6.31 മീറ്ററും ചാടി. അഞ്ചാം ശ്രമത്തിലാണ് 6.53 മീറ്റർ എന്ന മികച്ച ദൂരം കണ്ടെത്തിയത്. അവസാന ശ്രമത്തില്‍ 6.49 മീറ്ററായിരുന്നു പ്രകടനം. അൻസിയേക്കാള്‍ വെറും രണ്ട് സെന്റിമീറ്റർ വ്യത്യാസത്തിലാണ് ഹുവാങ് ഒന്നാമതെത്തിയത്. കഴിഞ്ഞ ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസില്‍ വെള്ളി നേടിയ താരമാണ് ആൻസി.
തൃശൂർ നാട്ടികയിലെ ആട്ടോ ഡ്രൈവർ സോജന്റെ മകളാണ് 25കാരിയായ ആൻസി. ചെറുപ്പത്തില്‍ കായികരംഗത്ത് താത്പര്യമുണ്ടായിരുന്നെങ്കിലും ജീവിതസാഹചര്യങ്ങള്‍ വിലങ്ങുതടിയായതോടെ ആട്ടോ ഡ്രൈവറായ സോജൻ തന്റെ മകളെ കായികതാരമാക്കാൻ ജീവിതം ഉഴിഞ്ഞുവയ്ക്കുകയായിരുന്നു. സ്കൂള്‍ തലത്തില്‍ സോജൻ തന്നെയായിരുന്നു ആൻസിയുടെ കോച്ച്. സംസ്ഥാന ദേശീയ സ്കൂള്‍ കായികമേളകളില്‍ നിരവധി സ്വർണം നേടിയ ആൻസി ഇപ്പോള്‍ ഇന്ത്യൻ നേവിയില്‍ ചീഫ് പെറ്റി ഓഫീസറാണ്.

