സിറിയയില്‍ നാലാം തവണയും ബാഷര്‍ അല്‍ അസദ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിനകത്തുള്ള സംഘര്‍ഷവും വിദേശ ഇടപെടലും മൂലം സിറിയന്‍ ജനത കഷ്ടത അനുഭവിക്കുകയാണ്. നാലു ലക്ഷത്തോളം പേരുടെ മരണത്തിനും ദശലക്ഷങ്ങളുടെ പലായനത്തിനും കാരണമായ ആഭ്യന്തര യുദ്ധം ആരംഭിച്ച ശേഷം നടക്കുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പാണിത്.95.1 ശതമാനം വോട്ട് നേടിയാണ് അസദ് വിജയിച്ചതെന്ന് പാർലമെന്റ് സ്പീക്കർ അറിയിച്ചു. മുൻ സഹമന്ത്രി അബ്ദുല്ല സാലം അബ്ദുല്ല, മഹ്മൂദ് മർഹി എന്നീ രണ്ടു പേർ എതിർ സ്ഥാനാർത്ഥികളായി രംഗത്തുണ്ടായിരുന്നു. ഇരുവർക്കും ചേർന്ന് ലഭിച്ചത് അഞ്ചു ശതമാനത്തിൽ തഴെ വോട്ടുമാത്രമാണ്. പക്ഷേ, ഇരുവരും അസദിന്റെ നോമിനികളായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.സിറിയയിലെ തെരഞ്ഞെടുപ്പ് നീതിപൂർവമല്ലെന്ന് നേരത്തെ യുഎസ്, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാഷ്ട്രങ്ങൾ ആരോപണമുന്നയിച്ചിരുന്നു. 2014ലാണ് അവസാനമായി രാജ്യത്ത് തെരഞ്ഞെടുപ്പ് നടന്നത്. അന്ന് 88 ശതമാനം വോട്ടുനേടിയാണ് അസദ് ജയിച്ചത്. വിജയമറിഞ്ഞയുടൻ ദമസ്കസ് പട്ടണത്തിൽ ആയിരങ്ങൾ ആഘോഷവുമായി തടിച്ചുകൂടിയതായി റിപ്പോർട്ടുകൾ പറയുന്നു.