കോഴിക്കോട്: നടൻ ദിലീപ് അടക്കമുള്ളവർ പ്രതികളായ വധ ഗൂഢാലോചന കേസിൽ ഐ.ടി. വിദഗ്ധൻ സായ് ശങ്കറിന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യുന്നു. സായ് ശങ്കറിന്റെ കോഴിക്കോട്ടെ ഫ്ളാറ്റിൽവെച്ചാണ് ഭാര്യ ഇസയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യുന്നത്. അതേസമയം, സായ് ശങ്കർ ഒളിവിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചത് സായ് ശങ്കറിന്റെ സഹായത്തോടെയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതേത്തുടർന്ന് സായ് ശങ്കറിൽനിന്ന് നേരത്തെ വിവരങ്ങൾ തേടിയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഇയാളുടെ ഫ്ളാറ്റിൽ പരിശോധന നടത്തുകയും ലാപ്ടോപ്പും മൊബൈൽ ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തു.
ഭാര്യ ഇസയുടെ യൂസർ ഐ.ഡി. ഉപയോഗിച്ചാണ് സായ് ശങ്കർ ഫോണുകളിലെ വിവരങ്ങൾ നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതേത്തുടർന്നാണ് ഇസയെ വിശദമായി ചോദ്യംചെയ്യുന്നത്.
അതേസമയം, കേസിൽ അഭിഭാഷകൻ ബി.രാമൻപിള്ളയ്ക്കെതിരേ മൊഴി നൽകാൻ ക്രൈംബ്രാഞ്ച് നിർബന്ധിക്കുന്നതായി സായ് ശങ്കർ നേരത്തെ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഐ.ടി. വിദഗ്ധനായ സായ് ശങ്കർ, 2015-ലെ തൃപ്പുണിത്തുറ ഹണിട്രാപ്പ് കേസിലെ പ്രതി കൂടിയാണ്.