നിയമസഭാ സീറ്റ് ചർച്ചകള്‍ക്കൊടുവില്‍ കെ.സുധാകരനേയും അടൂർ പ്രകാശിനേയും മത്സരിപ്പിക്കേണ്ടെന്ന് തീരുമാനിച്ച് എഐസിസി.ഇന്ന് കോണ്‍ഗ്രസിൻ്റെ രണ്ടാം പട്ടിക പ്രഖ്യാപിക്കാനിരിക്കെയാണ് ഹൈക്കമാൻഡിൻ്റെ തീരുമാനം. പുലർച്ചെ 2.30 വരെ നീണ്ട ചർച്ചയ്ക്കൊടുവിലാണ് കെ.സുധാകരനും അടൂർ പ്രകാശിനും സീറ്റ് നല്‍കേണ്ടെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കിയത്.
കോണ്‍ഗ്രസിൻ്റെ രണ്ടാം സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തു വിടാനിരിക്കെയാണ് തീരുമാനം. എന്നാല്‍ ഈ പട്ടികയും അന്തിമമല്ല. 40 സീറ്റുകള്‍ പ്രഖ്യാപിക്കാൻ ബാക്കിയുള്ളതില്‍ 5 സീറ്റുകള്‍ ഒഴികെയുള്ള സീറ്റുകളിലാണ് ഇന്ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. കണ്ണൂരില്‍ ടി.ഒ. മോഹനനേയും കോന്നിയില്‍ സതീഷ് കൊച്ചുപറമ്പിലിനേയും മത്സരിപ്പിക്കാനാണ് തീരുമാനമെന്നാണ് സൂചന.
95 സീറ്റുകളില്‍ മത്സരിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസിലെ 55 സ്ഥാനാർഥികളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എന്നാല്‍ ഒഴിച്ചിടുന്ന 5 സീറ്റുകള്‍ ഏതൊക്കെയാണെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. അതേസമയം, പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പള്ളിയ്ക്കും സീറ്റ് നല്‍കില്ലെന്നാണ് സൂചന.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുറച്ച് കേരളാ ഹൗസില്‍ നിന്നും കെ.സുധാകരൻ ഇന്നലെ എൻഎല്‍സി സർട്ടിഫിക്കേറ്റ് വാങ്ങാൻ നിർദേശം നല്‍കിയിരുന്നു. തുടർന്ന് സുധാകരൻ്റെ സ്റ്റാഫംഗങ്ങള്‍ കേരള ഹൗസില്‍ എത്തുകയും ചെയ്തിരുന്നു. എംപിമാരെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനത്തില്‍ ഹൈക്കമാൻഡ് ഉറച്ചു നില്ക്കുന്ന സാഹചര്യത്തില്‍ കെ.സുധാകരൻ ഇനി എന്ത് തീരുമാനം എടുക്കുമെന്ന് നോക്കി കാണണം.

