മുക്കം: അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽസ് വർക്ക്ഷോപ്പ്സ് കേരള മുക്കം യൂണിറ്റിന്റെ (AAWK ) നേതൃത്വത്തിൽ മുക്കം പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.
സാധാരണ വർക്ക് ഷോപ്പുകളെ ബാധിക്കുന്ന സ്ക്രാപേജ് പോളിസി നടപ്പിലാക്കുന്നതിൽ നിന്ന് കേന്ദ്ര ഗവൺമെന്റ് പിന്മാറുക, പെട്രോളിയം ഉൽപ്പന്നങ്ങളെ ജി.എസ്.ടി. പരിധിയിൽ കൊണ്ടുവരിക, ചെറുകിട ഇടത്തരം വർക്ക്ഷോപ്പുകളുടെ ലൈസൻസ് വ്യവസ്ഥകൾ ലഘൂകരിക്കുക, ഓട്ടോമൊബൈൽ സർവ്വീസ് മേഖലയെ ഇ.എസ്.എസ്.പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്.
എ.എ.ഡബ്ല്യു.കെ. ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച മാർച്ചിൽ നൂറോളം സംഘടനാ പ്രതിനിധികൾ പങ്കാളികളായി. പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണ എ.എ.ഡബ്ല്യു.കെ. സ്റ്റേറ്റ് സെക്രട്ടറി ബാലൻ ടി.പി ഉദ്ഘാടനം ചെയ്തു.
മുക്കം യൂണിറ്റ് പ്രസിഡന്റ് ബാബു ചെമ്പറ്റയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി, എ.പി.തങ്കച്ചൻ, ജില്ലാ പ്രസിഡന്റ് അരുൾദാസ്, ജില്ലാ സെക്രട്ടറി റിജു.പി.പി, ജോയിന്റ് സെക്രട്ടറി കൃഷ്ണൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഗോപി , പ്രമോദ്, ബാബു എള്ളങ്ങൽ, യൂണിറ്റ് ട്രഷറർ ബാവ കോടഞ്ചേരി എന്നിവർ സംസാരിച്ചു.