10,000 ഗ്രാമീണര്‍ കാടുകളില്‍ അഭയം തേടി
നെയ്പിഡോ: പട്ടാള അട്ടിമറിക്കെതിരേ ജനകീയ പ്രക്ഷോഭം ശക്തമായ മ്യാന്‍മറില്‍ സൈന്യം വീടുകളില്‍ റെയ്ഡ് നടത്തി കൊള്ളയടിക്കുന്നു. തടര്‍ന്ന് ഗാംഗോ മേഖലയിലെ 10,000 ഗ്രാമീണര്‍ വീടുവിട്ട് സമീപത്തെ കാടുകളില്‍ അഭയം തേടിയതായി മ്യാന്മര്‍ നൗ റിപ്പോര്‍ട്ട് ചെയ്തു.
ജനാധിപത്യ പ്രക്ഷോഭകരെ അതിക്രൂരമായി നേരിടുന്നതിനിടെയാണ് സൈന്യത്തിന്റെ വീടു കൊള്ളയടിക്കല്‍. ആയുധങ്ങളുണ്ടോ എന്ന് പരിശോധിക്കാനെന്ന വ്യാജേന എത്തുന്ന സൈനികര്‍ റെയ്ഡില്‍ പണവും മൊബൈല്‍ ഫോണുകളും ആഭരണങ്ങളും കവരുകയാണ്. വീടുകളില്‍ വൈദ്യുതിയില്ലാത്തത് കവര്‍ച്ച എളുപ്പമാക്കുകയുംചെയ്യുന്നു.
സൈന്യം കവര്‍ച്ച തുടരുന്ന സാഹചര്യത്തില്‍ വേട്ടയ്ക്കുപയോഗിക്കുന്ന തോക്കുപയോഗിച്ച് സൈനികരോട് ചിലയിടങ്ങളില്‍ ചെറുത്തുനില്‍പ് നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. മ്യാന്‍മറില്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടവരുടെ എണ്ണം 550 ആയി. ഇതില്‍ 46 പേര്‍ കുട്ടികളാണ്.