തന്നെ ഒരാള്‍ അപമാനിക്കുന്നുവെന്ന് വെളിപ്പെടുത്തി നടി ഹണിറോസ്. ലൈംഗിക ധ്വനിയുള്ള ദ്വയാർഥ പ്രയോഗങ്ങളിലൂടെ ഒരാള്‍ അപമാനിക്കുന്നതായാണ് ഹണിയുടെ വെളിപ്പെടുത്തല്‍.ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഉദ്ഘാടന ചടങ്ങിന് പോകാൻ വിസമ്മതിച്ചതിന് പ്രതികാരം വീട്ടുന്നതായും താൻ പോകുന്ന പരിപാടികളില്‍ പിന്തുടർന്ന് എത്തി ഇയാള്‍ അപമാനിക്കുന്നുവെന്നും നടി പറഞ്ഞു.
പണത്തിൻ്റെ ധാർഷ്ട്യം കൊണ്ട് ഒരു സ്ത്രീയെ അവഹേളിക്കുന്നത് കുറ്റകൃത്യമാണെന്നും ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം എന്നത് മറ്റൊരാളെ അപമാനിക്കാനുള്ള സ്വാതന്ത്ര്യം അല്ലെന്നും ഹണി കുറിപ്പില്‍ പറയുന്നു. അപമാനിക്കുന്നത് ആരെന്ന് പരാമർശിക്കാതെയാണ് എഫ്ബി പോസ്റ്റ്.
പോസ്റ്റിൻ്റെ പൂർണരൂപം;
” നമസ്കാരം….
ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്മെന്റസ് ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പം ഉള്ളവർ ചോദിക്കുന്നു. പ്രസ്തുത വ്യക്തി പിന്നീടും ചടങ്ങുകള്‍ക്ക് എന്നെ ക്ഷണിച്ചപ്പോള്‍ ഞാൻ പോകാൻ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാൻ പോകുന്ന ചടങ്ങുകളില്‍ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു.
പണത്തിന്റെ ധാർഷ്ട്യത്താല്‍ ഏതു സ്ത്രീയേയും ഒരാള്‍ക്ക് അപമാനിക്കാൻ കഴിയുമോ, അതിനെ എതിർക്കാൻ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നല്‍കുന്നില്ലേ എന്ന് ചോദിച്ചാല്‍ ഇയാളുടെ പ്രവർത്തികളില്‍ ഇന്ത്യൻ ശിക്ഷാനിയമത്തില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗികദ്യോതകമായ (sexually coloured remarks ) ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണ് എന്നാണ് അറിയാൻ സാധിച്ചത്.
ഞാൻ വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്, അതിന് എനിക്ക് പ്രതികരണശേഷി ഇല്ല എന്നർത്ഥം ഇല്ല. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തില്‍ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ല…”