ദുബൈ: ഖത്തറിലേക്ക് ലോകകപ്പ് മത്സരം കാണാന്‍ പോകുന്നവര്‍ സൗദി-ഖത്തര്‍ അതിര്‍ത്തിയായ സല്‍വയില്‍ 96 മണിക്കൂറില്‍ കൂടുതല്‍ വാഹനങ്ങള്‍ നിര്‍ത്തിയിടരുതെന്ന് അധികൃതരുടെ നിര്‍ദേശം.
വാഹനങ്ങള്‍ പെരുകിയ പശ്ചാത്തലത്തിലാണ് സൗദി ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റിയുടെ തീരുമാനം. നേരത്തേതന്നെ ഇക്കാര്യം അറിയിച്ച് പാര്‍ക്കിങ് ഏരിയകളില്‍ ബോര്‍ഡുകള്‍ വെച്ചിരുന്നു. നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് അതോറിറ്റിതന്നെ നേരിട്ട് നിര്‍ദേശം നല്‍കിയത്. വിമാനയാത്രാനിരക്ക് കുതിച്ചുയര്‍ന്നതോടെ യു.എ.ഇയില്‍നിന്ന് പതിനായിരക്കണക്കിനാളുകളാണ് സൗദിയിലൂടെ കാറില്‍ ഖത്തറിലേക്ക് തിരിക്കുന്നത്.
സൗദി അതിര്‍ത്തി കവാടമായ ‘സല്‍വ’യിലെ പരിശോധനകേന്ദ്രത്തിലാണ് വാഹനം പാര്‍ക്ക് ചെയ്യാനുള്ള വന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവിടെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടശേഷം ഖത്തറിലേക്ക് പ്രവേശിക്കുന്ന പലരും ദിവസങ്ങള്‍ കഴിഞ്ഞും വാഹനം തിരികെയെടുക്കാന്‍ എത്തിയിട്ടില്ല. ഇതോടെയാണ്, നാലു ദിവസത്തിനുശേഷവും എടുക്കാത്ത വാഹനങ്ങള്‍ പാര്‍ക്കിങ് പ്രദേശത്തുനിന്ന് നീക്കം ചെയ്യുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. ഇതിനു പുറമെ പിഴ ചുമത്തുകയും ചെയ്യും.
സ്ഥല പരിമിതിയാണ് നിര്‍ദേശം പുറപ്പെടുവിക്കാന്‍ കാരണമെന്ന് ടി.ജി.എ വിശദീകരിച്ചു. ഖത്തര്‍ ഭാഗത്തുള്ള അബുസംറ പരിശോധനകേന്ദ്രത്തിലെ സൗജന്യ പാര്‍ക്കിങ് ഏരിയയും ഉപയോഗപ്പെടുത്താം. ഹയ്യാ ആപ് വഴി നേരത്തേ രജിസ്റ്റര്‍ ചെയ്തശേഷം ഇവിടെ പാര്‍ക്ക് ചെയ്യാം.