ആറ്റുകാല്‍ പൊങ്കാല കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ന് നടക്കും. ക്ഷേത്ര പരിസരത്ത് ഇത്തവണയും പണ്ടാര അടുപ്പില്‍ മാത്രമാണ് പൊങ്കാല ഉണ്ടാവുക. 1500 പേര്‍ക്ക് പൊങ്കാല നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും ഇളവ് വേണ്ടെന്ന് ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. ഇത്തവണ വീടുകളിലായിരിക്കും ഭക്തര്‍ പൊങ്കാലയര്‍പ്പിക്കുക.
രാവിലെ 10.50ന് ആണ് പണ്ടാര അടുപ്പില്‍ തീ പകരുന്നത്. വിഗ്രഹത്തിന് മുന്നില്‍ നിന്നും പകരുന്ന അഗ്‌നി ചെറിയ തിടപ്പള്ളിയിലും വലിയ തിടപ്പള്ളിയിലുമുളള അടുപ്പുകളില്‍ പകര്‍ന്ന ശേഷം പണ്ടാര അടുപ്പില്‍ എത്തിക്കുന്നതോടെയാണ് പൊങ്കാലക്ക് തുടക്കമാകുക. ക്ഷേത്രം മേല്‍ശാന്തി പണ്ടാര അടുപ്പില്‍ തീ പകരുന്നതോടെ വീടുകളില്‍ പൊങ്കാല ഇടുന്ന ഭക്തരും അടുപ്പുകളില്‍ തീ കത്തിക്കും. ഉച്ചയ്ക്ക് 1.20നാണ് പൊങ്കാല നിവേദ്യം.
കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന്് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. മൂന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 1200ല്‍ അധികം പൊലീസുകാര്‍, നഗരസഭാ ജീവനക്കാര്‍, വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഫയര്‍ഫോഴ്‌സ് അധികൃതര്‍ തുടങ്ങിയവര്‍ നിലയുറപ്പിച്ചിട്ടുണ്ട്. അല്പ സമയത്തിനകം തോറ്റം പാട്ട് ആരംഭിക്കും.
തുടര്‍ച്ചയായി ഇത് രണ്ടാം വര്‍ഷമാണ് പൊങ്കാല വീടുകളില്‍ മാത്രമായി ഒതുങ്ങുന്നത്.
കഴിഞ്ഞ പ്രാവശ്യത്തെ പോലെ ക്ഷേത്രത്തില്‍ പണ്ടാര അടുപ്പില്‍ മാത്രമേ പൊങ്കാലയുള്ളു. 1500 പേര്‍ക്ക് ക്ഷേത്രപരിസരത്ത് പൊങ്കാല അര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും ക്ഷേത്രപരിസരത്ത് പൊങ്കാല അര്‍പ്പിക്കുന്നവരെ തെരഞ്ഞെടുക്കാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്ന് ട്രസ്റ്റ് വ്യക്തമാക്കി.
പൊങ്കാലയില്‍ ജനകൂട്ടമെത്തിയാല്‍ വീണ്ടും രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാലാണ് പണ്ടാര അടുപ്പില്‍ മാത്രം പൊങ്കാല മതിയെന്ന് തീരുമാനിച്ചത്. എഴുന്നള്ളത്തിനും നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്. കുത്തിയോട്ടവും പണ്ടാര ഓട്ടവും മാത്രമാണ് നടത്തുന്നത്. ചടങ്ങുകള്‍ മുടങ്ങാതിരിക്കാന്‍ വേണ്ടി മാത്രമാണ് ഈ ക്രമീകരണം ഒരുക്കിയത്.