ലാപ്ടോപ്പ് നിര്‍മ്മാതാവായ എക്സ്പാന്‍സ്‌കേപ്പ് (Expanscape) ലോകത്തിലെ ആദ്യത്തെ ഏഴ് സ്‌ക്രീന്‍ മൊബൈല്‍ വര്‍ക്ക്സ്റ്റേഷന്‍ പുറത്തിറക്കിയിരിക്കുന്നു. ഒന്നില്‍ കൂടുതല്‍ ഡിസ്പ്ലേ ഉള്ള പിസി വര്‍ക്ക് സ്റ്റേഷനുകള്‍ സാധാരണമാണെങ്കിലും ലാപ്ടോപ്പുകളില്‍ ഒന്നിലധികം സ്ക്രീനുകള്‍ കൊണ്ടുവരുന്നത് ബുദ്ധിമുട്ടാണ്. എക്സ്പാന്‍സ്‌കേപ്പ് പുറത്തിറക്കിയ മൊബൈല്‍ വര്‍ക്ക്സ്റ്റേഷന്‍ ഒരു പവര്‍ഹൗസ് രാക്ഷസനാണ്.
ലണ്ടന്‍ ആസ്ഥാനമായുള്ള കമ്ബനി ഇതുവരെ ലാപ്ടോപ്പിന്റെ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കമ്ബനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പ്രോട്ടോടൈപ്പുകള്‍ ഇതിനകം വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്. വല്യ വില കൊടുത്തു വാങ്ങാന്‍ സന്നദ്ധരായ ആര്‍ക്കും എക്സ്പാന്‍സ്‌കേപ്പിന്റെ ഏഴ് സ്‌ക്രീന്‍ അറോറ 7 മെഷീനുകള്‍ വാങ്ങാമെന്നാണ് കമ്പനിയുടെ പക്ഷം. അറോറ 7 ലാപ്‌ടോപ്പില്‍ 4 കെ റെസല്യൂഷന്‍ ശേഷിയുള്ള നാല് 17.3 ഇഞ്ച് മോണിറ്ററുകളും (ലാന്‍ഡ്‌സ്‌കേപ്പ് മോഡില്‍ രണ്ട്, പോര്‍ട്രെയ്റ്റില്‍ രണ്ട്), 1920 x 1200 റെസല്യൂഷനുള്ള മൂന്ന് സെക്കന്‍ഡറി 7 ഇഞ്ച് സ്‌ക്രീനുകളും ഉള്‍ക്കൊള്ളുന്നു.
ഏഴ് സ്‌ക്രീനുകളും പ്രധാന ചേസിസില്‍ നിന്ന് മടങ്ങിയിരിക്കുന്ന അവസ്ഥയിലാണ്. ലാപ്‌ടോപ്പിന് 12 കിലോഗ്രാം ഭാരം ഉണ്ട്, അത് വളരെയധികം ആണെന്ന് തോന്നുമെങ്കിലും 7 സ്‌ക്രീന്‍ ഉള്ള മോഡല്‍ ആയതുകൊണ്ട് ഇന്‍ഡസ്ട്രിയില്‍ ഇതൊരു ഭാരം കുറഞ്ഞ മോഡല്‍ തന്നെയാണ്. അറോറയ്ക്ക് ഇന്റല്‍ കോര്‍ ഐ 9-9900 കെ പ്രോസസര്‍, 64 ജിബി ഡിഡിആര്‍ 4-2666 മെമ്മറി, എന്‍വിഡിയ ജിഫോഴ്‌സ് ജിടിഎക്സ് 1060 ഗ്രാഫിക്സ് കാര്‍ഡ്, രണ്ട് പിസിഐ 3.0 എക്സ് 4 എം 2 എസ്‌എസ്ഡി, ഒരു 2.5 ഇഞ്ച് എംഎല്‍സി എസ്‌എസ്ഡി, ഒരു ഇഞ്ച് 2TB 7200RPM ഹാര്‍ഡ് ഡ്രൈവ് എന്നിവയുമുണ്ട്.
മികച്ച ഗെയിമിംഗ് റിഗുകള്‍ ഉണ്ടെങ്കിലും ഇത് ഗെയിമിംഗിനായി നിര്‍മ്മിച്ച ലാപ്ടോപ്പ് അല്ല. പക്ഷേ വിശാലമായ ചേസിസിന് എല്ലാത്തരം കോണ്‍ഫിഗറേഷനുകളും ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശ വാദം. അറോറ 7 ന് രണ്ട് മണിക്കൂര്‍ 20 മിനിറ്റ് ബാറ്ററി ഉണ്ട്. ലാപ്‌ടോപ്പിനുള്ളിലെ എല്ലാ ഘടകങ്ങള്‍ക്കും 82Whr ബാറ്ററിയും സ്‌ക്രീനുകള്‍ക്കായി പ്രത്യേക 48Whr ബാറ്ററിയുമാണ് ഉള്ളതത്രേ.