മെൽബൺ: വമ്പൻ അന്തര്‍വാഹിനി കരാര്‍ റദ്ദാക്കിയ ഓസ്ട്രേലിയയുടെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമുയർത്തി ഫ്രാൻസ്. അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും നയതന്ത്രപ്രതിനിധികളെ ഫ്രാന്‍സ് തിരിച്ചുവിളിച്ചു. അപൂര്‍വമായ നടപടിയാണ് ഇതെന്നും എന്നാല്‍ അപൂര്‍വമായ അവസ്ഥയില്‍ ഇത്തരം നടപടികള്‍ ആവശ്യമാണെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി പറഞ്ഞു.
യുഎസുമായും യുകെയുമായും ചേർന്നുള്ള പ്രതിരോധ കരാർ യാഥാർഥ്യമായതോടെയാണ് ഓസ്ട്രേലിയ ഫ്രാൻസുമായുള്ള കരാറിൽ നിന്ന് പിന്നോട്ടുപോയത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമാണ് കരാറിൽ ഒപ്പുവച്ചത്.
പ്രതിരോധ കരാർ ഒപ്പിട്ടതോടെ യുഎസ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആണവ അന്തർവാഹിനി ഓസ്ട്രേലിയയ്ക്ക് ലഭിക്കും. ഓസ്ട്രേലിയയ്ക്കുവേണ്ടി 12 മുങ്ങിക്കപ്പലുകൾ നിർമിക്കാനുള്ള കരാർ ഇതോടെ ഫ്രാൻസിനു നഷ്ടമായി. പിന്നിൽനിന്ന് ഏറ്റ കുത്താണ് കരാറെന്നാണ് ഫ്രഞ്ച് വിദേശകാര്യമന്ത്രി ലെ ഡ്രിയാൻ പ്രതികരിച്ചത്.
അതേസമയം, സ്വന്തമായി മുങ്ങിക്കപ്പല്‍ നിര്‍മിക്കുമെന്നാണ് ഓസ്ട്രേലിയയുടെ നിലപാട്. ഫ്രാന്‍സുമായി ചര്‍ച്ച നടത്തുമെന്ന് അമേരിക്ക അറിയിച്ചു. ഓസ്ട്രേലിയയുമായി പ്രതിരോധമേഖലയിലെ സഹകരണത്തിനു ധാരണയിലെത്തിയ യുഎസിനും യുകെയ്ക്കും നേരെ രാജ്യാന്തരസമൂഹത്തിന്റെ വിമർശനമുയരുന്നുണ്ട്.
ഫ്രാൻസിന്റെ ബാരാക്കുഡ ആണവോർജ അന്തർവാഹിനികളുടെ മാതൃകയിൽ 12 അന്തർവാഹിനികൾ നിർമിക്കാനായിരുന്നു ഓസ്ട്രേലിയ കരാർ നൽകിയിരുന്നത്.