വിദേശ രാജ്യങ്ങളിലെ വാഹനങ്ങളുടെ ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്താൻ ഓട്ടോമാറ്റിക് മോണിറ്ററിങ് സംവിധാനവുമായി സൗദി. വിദേശ വാഹനങ്ങൾ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. മാത്രമല്ല ഇനി മുതൽ സൗദി നിരത്തുകളിലോടുന്ന വിദേശ വാഹനങ്ങളുടെ നിയമ ലംഘനങ്ങളും സ്വമേധയാ രേഖപ്പെടുത്തുമെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചു.
സൗദിയിലെ വാഹനങ്ങളുടെ ട്രാഫിക് നിയമ ലംഘനങ്ങൾ ഓട്ടോമാറ്റിക് മോണിറ്ററിങ് സംവിധാനത്തിലൂടെ രേഖപ്പെടുത്തുന്ന രീതി നേരത്തെ തന്നെ നിലവിലുണ്ട്. നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ക്യാമറ വഴി സ്‌കാൻ ചെയ്താണ് നിയമ ലംഘനങ്ങൾ രേഖപ്പെടുത്താറുള്ളത്. എന്നാൽ വിദേശ രാജ്യങ്ങളിലെ വാഹനങ്ങൾ പ്രത്യേക പെർമിറ്റ് എടുത്തുകൊണ്ട് സൗദി നിരത്തുകളിൽ ഓടിക്കാറുണ്ടെങ്കിലും, സ്വയം നിരീക്ഷണ സംവിധാനം വഴി ഇവയെ നീരീക്ഷിച്ചിരുന്നില്ല.
കാറുകൾക്ക് പുറമെ വലിയ ട്രെയിലറുകളും സമീപ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് വരാറുണ്ട്. ഇത്തരം വാഹനങ്ങൾ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണം. അല്ലാത്ത പക്ഷം ഓട്ടോമാറ്റിക് നിരീക്ഷണ സംവിധാനത്തിലൂടെ നിയമ ലംഘനം രേഖപ്പെടുത്തുമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.
വിദേശ വാഹനങ്ങളുടെ ട്രാഫിക് നിയമ ലംഘനങ്ങൾ രേഖപ്പെടുത്തുന്നതും പിഴ ഈടാക്കുന്നതും സംബന്ധിച്ച് ജി.സി.സി രാജ്യങ്ങൾ തമ്മിൽ നേരത്തെ തന്നെ ധാരണയുണ്ടാക്കിയിട്ടുണ്ട്. അതിന്റെ തുടർച്ചയായാണ് പുതിയ മാറ്റം.