കൊച്ചി : സെയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20യില്‍ മാസ്മരിക പ്രകടനം കാഴ്ചവച്ച മുഹമ്മദ് അസ്ഹറുദീന് 1.37 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കെസിഎ. മുഹമ്മദ് അസ്ഹറുദീന്റെ സെഞ്ചുറി മികവിലാണ് മുംബൈയെ കേരളം തകര്‍ത്തത്.
197 റണ്‍സ് വിജയലക്ഷ്യം 16ാം ഓവറില്‍ മറികടന്നു. 37 പന്തില്‍ നിന്നാണ് അസ്ഹറുദീന്‍ സെഞ്ചുറി നേടിയത്. 137 റണ്‍സുമായി അഹ്സറുദീന്‍ പുറത്താകാതെ നിന്നു. റോബിന്‍ ഉത്തപ്പ 33 റണ്‍സും സഞ്ജു സാംസണ്‍ 22 റണ്‍സുമെടുത്തു.
കേരളത്തിന്റെ മുഹമ്മദ് ആസിഫും ജലജ് സക്സേനയും മൂന്നുവിക്കറ്റുകള്‍ വീതം വീഴ്ത്തി. നാലോവറില്‍ 47 റണ്‍സ് വഴങ്ങിയ ശ്രീശാന്തിന് വിക്കറ്റൊന്നും നേടാനായില്ല.
വെറും 37 പന്തില്‍നിന്ന് സെഞ്ചുറിയിലെത്തിയ അസ്ഹറുദ്ദീന്‍ ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ മൂന്നാമത്തെ ട്വന്റി20 സെഞ്ചുറി എന്ന നേട്ടത്തിനൊപ്പമെത്തി.
2018ല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹിമാചല്‍ പ്രദേശിനെതിരെ വെറും 32 പന്തില്‍നിന്ന് സെഞ്ചുറി നേടിയ ഋഷഭ് പന്തിന്റെ പേരിലാണ് വേഗമേറിയ സെഞ്ചുറിയുടെ ഇന്ത്യന്‍ റെക്കോര്‍ഡ്.
രണ്ടാം സ്ഥാനത്ത് രോഹിത് ശര്‍മയാണ്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരെ 35 പന്തില്‍ രോഹിത് സെഞ്ചുറി തികച്ചിരുന്നു. 2010ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി 37 പന്തില്‍ സെഞ്ചുറിയടിച്ച യൂസഫ് പഠാന്റെ റെക്കോര്‍ഡിന് ഒപ്പമെത്തി അസ്ഹര്‍.
മാത്രമല്ല, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്കോര്‍ കൂടിയാണ് അസ്ഹറുദ്ദീന്റെ 137 റണ്‍സ്. ഈ സീസണില്‍ത്തന്നെ മണിപ്പൂരിനെതിരെ മേഘാലയയ്ക്കുവേണ്ടി പുറത്താകാതെ 149 റണ്‍സടിച്ച പുനീത് ബിഷ്തിന്റെ പേരിലാണ് റെക്കോര്‍ഡ്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഒരു കേരള താരം സെഞ്ചുറി നേടുന്നതും ഇതാദ്യം. 2012-13ല്‍ രോഹന്‍ പ്രേം ഡല്‍ഹിക്കെതിരെ പുറത്താകാതെ നേടിയ 92 റണ്‍സാണ് ഇതിനു മുന്‍പ് കേരള താരത്തിന്റെ പേരിലുണ്ടായിരുന്ന ഉയര്‍ന്ന സ്കോര്‍.