ഡ്രൈവര്‍ തസ്തികയിലെ പിന്‍വാതില്‍ നിയമനത്തിന് തിരിച്ചടി ; താല്‍ക്കാലിക ജോലി ചെയ്യുന്നവരെ ഒഴിവാക്കണമെന്ന അഡ്മിനിസ്ട്രേറ്റിവ് ട്രൈബൂണല്‍ വിധി

തൃശൂര്‍: തദ്ദേശസ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ഡ്രൈവര്‍ തസ്തികയില്‍ താല്‍ക്കാലിക ജോലി ചെയ്യുന്നവരെ ഒഴിവാക്കണമെന്ന അഡ്മിനിസ്ട്രേറ്റിവ് ട്രൈബൂണല്‍ വിധി സര്‍ക്കാറിന് പ്രഹരമായി.

പിന്‍വാതില്‍ നിയമനം നടത്തിയവരെ ഒഴിവാക്കി നേരത്തെ റാങ്ക് ലിസ്റ്റിലുള്ളവരെ താല്‍ക്കാലികമായി നിയമിക്കണമെന്നാണ് നിര്‍ദേശം. സംസ്ഥാനത്ത് 2550 താല്‍ക്കാലിക ഡ്രൈവര്‍മാരാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായി ജോലി ചെയ്യുന്നത്. ഇതുമൂലം അയ്യായിരത്തോളം വരുന്ന പി.എസ്.സിയുടെ 016/2014 എല്‍.ഡി.വി റാങ്ക് ലിസ്റ്റില്‍ നിന്ന് ആയിരത്തില്‍ താഴെ നിയമനമാണ് നടന്നത്. 2018 ഫെബ്രുവരി ആറിന് നിലവില്‍ വന്ന ലൈറ്റ് ഡ്യൂട്ടി വെഹിക്കിള്‍/ ഓഫിസ് അസിസ്റ്റന്റ് തസ്തികയുടെ റാങ്ക് ലിസ്റ്റ് കാലാവധി ആറുമാസം നീട്ടിനല്‍കിയിരുന്നു.

കാലാവധി നീട്ടി നല്‍കിയിട്ടും കുറഞ്ഞ ആളുകള്‍ക്ക് മാത്രമാണ് ജോലി ലഭിച്ചത്. ഇതിനെതിരെ ഉദ്യോഗാര്‍ഥികള്‍ നിയമപോരാട്ടത്തിന് ഇറങ്ങുകയായിരുന്നു. കാലാവധി കഴിയുന്നതിനു മുമ്ബ് ഓരോ ജില്ലകളിലും 200ല്‍ അധികം ഒഴിവുകള്‍ കണ്ടെത്തി റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന തടസ്സം നേരിട്ടത്തിന് കാരണം താല്‍ക്കാലിക ജീവനക്കാരാണെന്നും ട്രൈബൂണല്‍ നിരീക്ഷിച്ചു.

അതുകൊണ്ട്തന്നെ താല്‍ക്കാലികക്കാരെ ഒഴിവാക്കി പി.എസ്.സി റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികളെ നിയമിക്കുവാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. സാമ്ബത്തിക പ്രശ്നം മൂലം പുതിയ തസ്തിക സൃഷ്ടിക്കാനാവില്ലെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. ഇതോടെ 2021 ജൂലൈയില്‍ കാലാവധി അവസാനിക്കും മുമ്ബേ നിയമന സാധ്യത ഉണ്ടായിട്ടും ജോലി ലഭിക്കാതെ പോയ ഉദ്യോഗാര്‍ഥികളെ താല്‍ക്കാലികമായി നിയമിക്കാനാണ് പുതിയ ഉത്തരവ്. സര്‍ക്കാറിന്റെ സാമ്ബത്തിക പ്രതിസന്ധി തീരുന്ന മുറക്ക് തസ്തിക അനുവദിച്ച്‌ സ്ഥിരപ്പെടുത്തണമെന്നും ഉത്തരവിലുണ്ട്.

കഴിഞ്ഞ രണ്ടുവര്‍ഷമായി ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന നിയമ പോരാട്ടത്തിലാണ് ആശ്വാസകരമായ വിധി വന്നത്. അതേസമയം സ്ഥിര നിയമനം ഇനിയും പ്രതീക്ഷ മാത്രമാണ്. പരീക്ഷയോ മാനദണ്ഡങ്ങളോ ഇല്ലാതെ പിന്‍വാതില്‍ വഴി രാഷ്ട്രീയക്കാര്‍ അവര്‍ക്ക് ഇഷ്ടമുള്ളവരെ നിയമിക്കുന്നതിന് തിരിച്ചടിയാണ് ട്രൈബ്യൂണല്‍ വിധി.

spot_img

Related Articles

Latest news