കോഴിക്കോട്> എംബിബിഎസിന് പ്രവേശനം ലഭിക്കാതെ നാലുദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒന്നാംവര്‍ഷ ക്ലാസിലിരുന്ന പെണ്‍കുട്ടി രക്ഷിതാക്കള്‍ക്കൊപ്പം വെള്ളിയാഴ്ച മെഡിക്കല്‍ കോളേജ് പൊലിസ് സ്റ്റേഷനില്‍ ഹാജരായികുട്ടിയെ രക്ഷിതാക്കളുടെ ജാമ്യത്തില്‍ വിട്ടു.
നവംബര്‍ 29നാണ് ഒന്നാംവര്‍ഷ വിദ്യാര്‍ഥികളുടെ ക്ലാസ് ആരംഭിച്ചത്. ആദ്യത്തെ നാലുദിവസമാണ് പ്ലസ്ടു കഴിഞ്ഞ കൊടുവള്ളി സ്വദേശിനിയായ പത്തൊമ്ബതുകാരി ക്ലാസിലിരുന്നത്. ഹാജര്‍ പട്ടികയില്‍ കടന്നുകൂടിയ കുട്ടിയുടെ പേര് പ്രവേശനം നേടിയവരുടെ രജിസ്റ്ററില്‍ ഉണ്ടായിരുന്നില്ല. രണ്ട് പട്ടികകളും താരതമ്യം ചെയ്തപ്പോഴാണ് കണക്കില്‍പ്പെടാത്ത കുട്ടിയെ കണ്ടെത്തുന്നത്. അതോടെ പെണ്‍കുട്ടി മുങ്ങി.
നീറ്റ് പരീക്ഷയുടെ ഫലം വരുന്ന സമയത്ത് ഗോവയില്‍ യാത്രപോയതായിരുന്നുവെന്നും മൊബൈല്‍ ഫോണിലാണ് ഫലം പരിശോധിച്ചതെന്നും കുട്ടി പറഞ്ഞു. പതിനയ്യായിരം റാങ്കുള്ള തനിക്ക് അഡ്മിഷന്‍ ലഭിച്ചെന്ന് കരുതി നാട്ടില്‍ എല്ലാവരെയും വിവരം അറിയിച്ചതോടെ സുഹൃത്തുക്കളും ബന്ധുക്കളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. എന്നാല്‍ തിരിച്ച് നാട്ടിലെത്തിയപ്പോഴാണ് പ്രവേശനം ലഭിച്ചില്ലെന്ന് മനസ്സിലായത്. ജാള്യംമറയ്ക്കാന്‍ എംബിബിഎസ് ക്ലാസിലിരിക്കുന്ന ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചെന്നും കുട്ടി പൊലീസിന് മൊഴിനല്‍കി.
250 വിദ്യാര്‍ഥികളാണ് ഓരോ വര്‍ഷവും ഇവിടെ പ്രവേശനം നേടുന്നത്. ഇതില്‍ ആദ്യ അലോട്ട്മെന്റില്‍ 170 പേരാണ് എത്തിയത്. രണ്ടാഴ്ച കഴിഞ്ഞാണ് ബാക്കിയുള്ളവര്‍ പ്രവേശനം നേടിയെത്തിയത്. ഇതില്‍ കുറച്ചുപേര്‍ കഴിഞ്ഞ തിങ്കളാഴ്ച അവധി കഴിഞ്ഞ് വൈകിയാണ് ക്ലാസിലെത്തിയത്. ക്ലാസ് നടക്കുന്ന സമയമായതിനാല്‍ രേഖകള്‍ പരിശോധിക്കാതെ രജിസ്റ്ററില്‍ പേര് ചേര്‍ത്തു. അതിനുശേഷമാണ് പട്ടികകള്‍ പരിശോധിച്ചതും ഒരു കുട്ടി അധികമുള്ളത് തിരിച്ചറിഞ്ഞതും.