ഡോക്ടർമാർക്ക് നേരെ നടക്കുന്ന കയ്യേറ്റവും അസഭ്യ വർഷവും ദൗർഭാഗ്യകരമാണെന്ന് ഹൈക്കോടതി. കോവിഡ് മഹാമാരിക്കാലത്ത് ആരോഗ്യപ്രവർത്തകരുടെ ത്യാഗം വിസ്മരിക്കാൻ കഴിയാത്തതാണ്.
ആരോഗ്യ പ്രവര്‍ത്തകരുടെ ത്യാഗപൂര്‍ണ്ണമായ ഇടപെടൽ ആണ് കോവിഡിനെ പിടിച്ച് നിർത്തിയതെന്നും കോടതി പറഞ്ഞു. മാവേലിക്കരിയില്‍ ഡോക്ടറെ മര്‍ദ്ദിച്ച കേസില്‍ പൊലീസുകാരന് ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവിലാണ് പരാമർശം.
മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡോക്ടറെ മര്‍ദിച്ച കേസില്‍ കൊച്ചി മെട്രോ പോലീസിലെ സിവില്‍ പോലീസ് ഓഫീസര്‍ അഭിലാഷ് ആര് ചന്ദ്രനാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. മെയ് 14 നാണ് കേസിനാസ്പദമായ സംഭവം. ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യുവിനാണ് മര്‍ദനമേറ്റത്.
അഭിലാഷിന്റെ മാതാവ് കോവിഡ് ബാധിച്ച് മരിച്ചതുമായി ബന്ധപ്പെട്ടാണ് ഡോക്ടറെ മര്‍ദിച്ചത്. ഇതിനു പിന്നാലെ അഭിലാഷ് ഒളിവില്‍ പോയിരുന്നു. തന്നെ ക്രൂരമായി മര്‍ദിച്ചെന്നും നീതി കിട്ടാത്തതിനാല്‍ രാജി വക്കുകയാണെന്നും വ്യക്തമാക്കി ഡോ. രാഹുല്‍ മാത്യു എഫ് ബിയില്‍ പോസ്റ്റിട്ടിരുന്നു.
പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നതിനിടെയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.