ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ന്യൂസീലൻഡിനെ ഞെട്ടിച്ച് ബംഗ്ലാദേശ്. ആദ്യ ടെസ്റ്റിൽ 8 വിക്കറ്റിന് കിവീസിനെ പരാജയപ്പെടുത്തിയ ബംഗ്ലാദേശ് മൂന്ന് ഫോർമാറ്റുകളിലുമായി ന്യൂസീലൻഡിൽ ആതിഥേയർക്കെതിരെ നേടുന്ന ആദ്യ ജയമാണിത്. ഒപ്പം ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റ് ജയം, അഞ്ച് മുൻനിര ടീമുകൾക്കെതിരായ എവേ ടെസ്റ്റുകളിൽ ആദ്യ ജയം എന്നീ റെക്കോർഡുകളും ബംഗ്ലാദേശ് സ്വന്തമാക്കി.
2017 മാർച്ചിനു ശേഷം സ്വന്തം നാട്ടിൽ ഒരു ടെസ്റ്റ് മത്സരം പോലും പരാജയപ്പെട്ടിട്ടില്ലാത്ത ന്യൂസീലൻഡിൻ്റെ റെക്കോർഡും ഇതോടെ തകർന്നു. രണ്ട് ഇന്നിംഗ്സുകളിലായി 7 വിക്കറ്റ് വീഴ്ത്തിയ ബംഗ്ലാദേശ് പേസർ ഇബാദത്ത് ഹുസൈനാണ് കളിയിലെ താരം.
അവസാന ദിനം കളി ആരംഭിക്കുമ്പോൾ ന്യൂസീലൻഡ് 5 വിക്കറ്റ് നഷ്ടത്തിൽ 147 റൺസെന്ന നിലയിലായിരുന്നു. റോസ് ടെയ്‌ലർ (37), രചിൻ രവീന്ദ്ര (6) എന്നിവരാണ് ക്രീസിലുണ്ടായിരുന്നത്. 7 റൺസ് കൂടി നേടുമ്പോഴേക്കും ടെയ്‌ലറെ (40) നഷ്ടമായ ന്യൂസീലൻഡിന് തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. 16 റൺസെടുത്ത രചിൻ രവീന്ദ്രക്കൊഴികെ മറ്റാർക്കും ഒന്നും ചെയ്യാനായില്ല.
അവസാന നാല് നമ്പറുകളിൽ രണ്ട് പേരും ഡക്കായി. ജമീസൺ (0), സൗത്തി (0) എന്നിവർ റൺസെടുക്കാതെ മടങ്ങിയപ്പോൾ ബോൾട്ട് 8 റൺസെടുത്ത് പുറത്തായി. ബംഗ്ലാദേശിനായി ഇബാദത്ത് ഹുസൈൻ 6 വിക്കറ്റ് വീഴ്ത്തിയപ്പോൾ ടസ്കിൻ അഹ്മദ് മൂന്ന് വിക്കറ്റ് സ്വന്തമാക്കി.
40 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് ഏറെ ബുദ്ധിമുട്ടില്ലാതെ ലക്ഷ്യത്തിലെത്തി. ഷദ്മൻ ഇസ്ലാം (3) വേഗം പുറത്തായെങ്കിലും നസ്മുൽ ഹുസൈൻ ഷാൻ്റോ (17), മോമിനുൽ ഹഖ് (13 നോട്ടൗട്ട്) എന്നിവർ ബംഗ്ലാദേശിൻ്റെ റൺ ചേസ് എളുപ്പമാക്കി. ബൗണ്ടറിയടിച്ച് മുഷ്ഫിക്കർ റഹീമാണ് (5) വിജയ റൺ നേടിയത്.
328 റൺസ് നേടി പുറത്തായ ന്യൂസീലൻഡിനെ ഞെട്ടിച്ച് ആദ്യ ഇന്നിംഗ്സിൽ 458 റൺസെന്ന കൂറ്റൻ സ്കോറാണ് ബംഗ്ലാദേശ് നേടിയത്. ക്യാപ്റ്റൻ മോമിനുൽ ഹഖ് (88), ലിറ്റൺ ദാസ് (86), മഹ്മൂദുൽ ഹസൻ ജോയ് (78), നസ്മുൽ ഹുസൈൻ ഷാൻ്റോ (64) എന്നിവരുടെ അർദ്ധസെഞ്ചുറികൾ ബംഗ്ലാദേശ് ഇന്നിംഗ്സിന് ഊർജമായപ്പോൾ മെഹദി ഹസൻ (47) അടക്കം മറ്റ് താരങ്ങളും നിർണായ സംഭാവന നൽകി. ബംഗ്ലാ നിരയിൽ 8 താരങ്ങളും ഇരട്ടയക്കം കടന്നു. ന്യൂസീലൻഡിനായി ട്രെൻ്റ് ബോൾട്ട് 4 വിക്കറ്റ് വീഴ്ത്തി.