വ്യാജ രേഖകള്‍ ഉപയോഗിച്ച് സ്വന്തമാക്കിയ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്യാന്‍ ശ്രമിച്ച ബംഗ്ലാദേശി പിടിയില്‍.
യുവാവിനെ കണ്ട് സംശയം തോന്നിയ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് കള്ളി വെളിച്ചത്തായത്. കഴിഞ്ഞ ബുധനാഴ്ച ഷാര്‍ജ എയര്‍പോര്‍ട്ടിലായിരുന്നു സംഭവം.
കള്ള പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്യാന്‍ എത്തിയ ബംഗ്ലാദേശി അന്‍വര്‍ ഹുസൈനെ (28) ഉടന്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്തു. ഷാര്‍ജയില്‍ നിന്നും കോയമ്ബത്തൂരിലേക്ക് യാത്ര ചെയ്യാനാണ് ഇയാള്‍ എയര്‍പോര്‍ട്ടിലെത്തിയത്. ഇതിനായി എയര്‍ അറേബ്യ വിമാനവും ബുക്ക് ചെയ്തിരുന്നു.
പ്രൈമറി റെസിഡന്‍സ് എന്ന കോളത്തില്‍ കൊല്‍ക്കത്ത എന്നായിരുന്നു ഇയാള്‍ എഴുതിയിരുന്നത്. പാസ്‌പോര്‍ട്ട് കണ്ടപ്പോള്‍ പന്തികേട് തോന്നിയ ഇമിഗ്രേഷന്‍ സംഘം ഹുസൈനെ ചോദ്യം ചെയ്യാന്‍ തുടങ്ങി. ജനന സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഇയാളുടെ കൈവശമുണ്ടായിരുന്നു. എങ്കിലും വിശ്വാസം വരാതിരുന്ന ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഹുസൈനോട് ഇന്ത്യയുടെ ദേശീയ ഗാനമാലപിക്കുവാന്‍ ആവശ്യപ്പെട്ടു.
ഇതോടെ താന്‍ ഇന്ത്യക്കാരനല്ലെന്നും ബംഗ്ലാദേശിയാണെന്നുമുള്ള സത്യം ഇയാള്‍ തുറന്നുപറഞ്ഞു. ബംഗ്ലാദേശിലെ മൈമെന്‍സിംഗിന് സമീപമുള്ള പയാരിയാണ് തന്റെ സ്വദേശമെന്നും ഇയാള്‍ വെളിപ്പെടുത്തി. തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
2018ല്‍ അന്‍വര്‍ ഹുസൈന്‍ തിരുപ്പൂരില്‍ എത്തിയിരുന്നു. അക്കാലത്ത് ഇയാള്‍ വ്യാജ ആധാര്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടാക്കിയെടുത്തു. പിന്നീട് ഈ രേഖകള്‍ ഉപയോഗിച്ച് 2020ല്‍ ഇയാള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സ്വന്തമാക്കി. തുടര്‍ന്ന് യുഎഇയിലെത്തുകയും ചെയ്തു. നിലവില്‍ പോലീസിന്റെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ് പ്രതി.