ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ ശനിയാഴ്ച്ച പണിമുടക്കുന്ന സാഹചര്യത്തില്‍ പൊതു മേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുമെന്ന് റിപ്പോര്‍ട്ട്.
ബാങ്ക് ജോലികള്‍ പുറംകരാര്‍ നല്‍കുന്നതിനെതിരേ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എ.ഐ.ബി.ഇ.എ) ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.
ദേശീയ തലത്തിലുള്ള പണിമുടക്കായതിനാല്‍ തന്നെ ഏതെങ്കിലും ബാങ്കുകളില്‍ ജീവനക്കാര്‍ പണിമുടക്കിയില്ലെങ്കിലും പണം നിക്ഷേപം, പിന്‍ വലിക്കല്‍, ചെക്ക് പിന്‍വലിക്കല്‍ എന്നിവയ്ക്ക് തടസ്സം നേരിടും. സ്വകാര്യ ബാങ്കുകളെ സമരം ബാധിക്കില്ല.
ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവ സമരം കാരണം സേവനങ്ങള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ജോലികള്‍ പുറം കരാര്‍ നല്‍കുന്നത് ഉപഭോക്താക്കളുടെ സ്വകാര്യതയെയും നിക്ഷേപത്തിന്‍റെ സുരക്ഷിതത്വത്തെയും ബാധിക്കുമെന്നും പുതിയ നിയമനങ്ങള്‍ കുറയ്ക്കുമെന്നും എ.ഐ.ബി.ഇ.എ ജനറല്‍ സെക്രട്ടറി സിഎച്ച് വെങ്കിടാചലം പറഞ്ഞു. പല ബാങ്കുകളും നിയമ ലംഘനം നടത്താന്‍ താല്‍പ്പര്യപ്പെടുന്നുണ്ട്. തൊഴില്‍ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ മാനേജ്മെന്‍റുകള്‍ പാലിക്കുന്നില്ലെന്നും ഇന്‍ഡസ്ട്രിയില്‍ ഡസ്പ്യൂട്ട് ആക്റ്റ് ലംഘിക്കുന്ന മാനേജ് മെന്‍റുകള്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് സ്ഥലം മാറ്റുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.