ഇടപാടുകാരന്റെ വീഴ്ചകൊണ്ടല്ലാതെ പണം നഷ്ടപ്പെട്ടാല്‍ ബാങ്ക് ഉത്തരവാദി:- ഹൈക്കോടതി.

കൊച്ചി:ഇടപാടുകാരന്റെ വീഴ്ചകൊണ്ടല്ലാതെ അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെട്ടാല്‍ ഉത്തരവാദി ബാങ്കാണെന്ന് ഹൈക്കോടതി. ഹര്‍ജിക്കാരന്റെ എന്‍ആര്‍ഐ അക്കൗണ്ടില്‍നിന്ന് നഷ്ടപ്പെട്ട 6.26 ലക്ഷംരൂപ ഒരുമാസത്തിനകം നല്‍കാനും ഐസിഐസിഐ ബാങ്കിന്റെ കോഴിക്കോട് ശാഖയോട് കോടതി നിര്‍ദേശിച്ചു.

 

കോഴിക്കോട് സ്വദേശി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഗോപിനാഥന്‍ പാലക്കലിന്റെ ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസ് എന്‍ നഗരേഷിന്റെ നിര്‍ദേശം.

2015ല്‍ തന്റെ അറിവില്ലാതെ പണംപിന്‍വലിച്ചതായാണ് ഹര്‍ജിക്കാരന്റെ പരാതി. ഓണ്‍ലൈന്‍ ബാങ്കിങ്ങിലൂടെ പണം പിന്‍വലിക്കുമ്പോള്‍ ബാങ്ക് ഒടിപി നമ്പര്‍ ഇ മെയിലില്‍ നല്‍കി ഉടമയാണെന്ന് ഉറപ്പാക്കുന്ന സംവിധാനമുണ്ടെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

 

എന്നാല്‍ പാസ് വേര്‍ഡ് അടക്കം ഹര്‍ജിക്കാരന്‍ ഡയറിയില്‍ കുറിച്ചുവച്ചത് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഭിച്ചിരിക്കാമെന്നും പണം നഷ്ടപ്പെട്ടതിന് ഉത്തരവാദിയല്ലെന്നുമായിരുന്നു ബാങ്കിന്റെ നിലപാട്. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ തുക മറ്റ് അക്കൗണ്ടുകളിലേക്ക് അനധികൃതമായാണ് മാറ്റിയിട്ടുള്ളതെന്ന് കണ്ടെത്തിയതായി കോടതി ചൂണ്ടിക്കാട്ടി. ഉത്തരവാദികളില്‍നിന്ന് ബാങ്കിന് പണം ഈടാക്കാമെന്നും ഹര്‍ജിക്കാരന് നഷ്ടപ്പെട്ട തുക തിരികെ നല്‍കാനുമാണ് കോടതി നിര്‍ദേശം.

spot_img

Related Articles

Latest news