ന്യൂ ഡൽഹി : ലോക്കറുകള്‍ക്ക് ഉള്ളിലുള്ള വസ്തുക്കള്‍ നിയമാനുസൃതമായി ഉള്ളവയാകണം എന്ന് ഉറപ്പാക്കാന്‍ ബാങ്കുകള്‍ക്ക് ബാധ്യതയുണ്ടെന്ന് കോടതി. ആറ് മാസത്തിനുള്ളില്‍ ബാങ്ക് ലോക്കര്‍ നയം പരിഷ്ക്കരിക്കണമെന്നും കോടതി നിര്‍ദേശം.
ലോക്കറിനുള്ളില്‍ എന്താണ് സൂക്ഷിക്കുന്നത് എന്ന് ബാങ്കുകള്‍ അറിഞ്ഞിരിക്കണം. എന്തും വയ്ക്കാനുള്ള സ്ഥലമായി ലോക്കറുകള്‍ അനുവദിക്കരുതെന്ന് ബാങ്കുകളോട് സുപ്രിം കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എം ശാന്തനഗൗഡര്‍, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.
ലോക്കര്‍ സൗകര്യം നല്കുമ്പോൾ ബാങ്കുകള്‍ നടപ്പാക്കേണ്ട വ്യവസ്ഥകളും നിര്‍ദേശങ്ങളും ആറുമാസത്തിനുള്ളില്‍ തയാറാക്കാന്‍ റിസര്‍വ് ബാങ്കിനു സുപ്രീംകോടതി നിര്‍ദേശം നൽകി. ലോക്കറിനുള്ളില്‍ സൂക്ഷിച്ചിരുന്ന വസ്തുവകകള്‍ നഷ്ടമായാല്‍ ബാങ്കുകള്‍ക്ക് ഉത്തരവാദിത്വത്തില്‍നിന്ന് കൈയൊഴിയാനാകില്ലെന്നും സുപ്രീംകോടതി അറിയിച്ചു.
ലോക്കര്‍ ഉപയോഗം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇലക്ട്രോണിക് ലോക്കര്‍ പോലുള്ള സംവിധാനങ്ങളും ലഭ്യമായിത്തുടങ്ങിയിരിക്കുന്നു. ഇത്തരം സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ ഉപയോക്താക്കളുടെ അജ്ഞത പലപ്പോഴും വസ്തുവകകള്‍ നഷ്ടപ്പെടാന്‍ കാരണമാകുന്നുണ്ട്. ലോക്കറിനുള്ളില്‍ ആളുകള്‍ സാമഗ്രികള്‍ വയ്ക്കുന്നത് ബാങ്കുകളെ പൂര്‍ണമായും വിശ്വസത്തിലെടുത്താണ്. അതിന്റെ പേരില്‍ ബാങ്കുകള്‍ ഉപയോക്താക്കളുടെ മേല്‍ നീതിപൂര്‍വകമല്ലാത്ത വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ല – ഉത്തരവില്‍ പറയുന്നു.