പുൽപ്പറ്റ ഗ്രാമ പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ തരിശ് രഹിത നെൽകൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലെ അറുപത് ഏക്കറിന് മുകളിൽ കരനെല്ല് കൃഷി ചെയ്ത് നേട്ടം കൈവരിച്ചു . നാല്പത് വർഷങ്ങൾക്ക് മുമ്പ് നടന്നിരുന്ന കൃഷി പല കാരണങ്ങളാലും അന്യം നിന്നത് തിരിച്ച് പിടിക്കുക എന്ന ലക്ഷ്യ ത്തോടെ പുതിയൊരു കാർഷിക സംസ്കാരമാണ് രൂപപ്പെട്ട് വരുന്നത് .
ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ കർഷകരെ ആകർഷിക്കുന്ന പദ്ധതികളും പച്ചക്കറി കൃഷി ചെയ്യുന്നവർക്കും വിത്തും , വളവും സബ്‌സിഡിയായും വയലിൽ നെൽകൃഷി ചെയ്യുന്നവർക്കും വേണ്ട സഹായങ്ങളൊക്കെ ഗ്രാമ പഞ്ചായത്ത് നൽകി വരുന്നുണ്ട് . പഞ്ചായത്തിലെ ജനങ്ങൾക്ക് ആവശ്യമായ വിഷ രഹിത നെൽകൃഷിയും , പച്ചക്കറികളും ഉല്പാദിപ്പിച്ച് വിതരണം ചെയ്യുകയും ആവശ്യത്തിലധികം വരുന്ന പച്ചക്കറികൾ മറ്റുള്ള സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നു .
കൃഷിക്ക് അനുയോജ്യമായ സ്ഥലങ്ങൾ കണ്ട് പിടിച്ച് കൃഷി ഭവനും ഗ്രാമ പഞ്ചായത്തും സംയുക്തമായി പ്രവർത്തിച്ച് കൃഷി യോഗ്യമാക്കാൻ നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണ് .
അതോടൊപ്പം തന്നെ കോവിഡ് മൂലം പ്രയാസമനുഭവിക്കുന്നവരെയും പ്രവാസികളെയും കാർഷിക മേഖലയിലേക്ക് തിരിച്ച് കൊണ്ട് വന്ന് പുൽപ്പറ്റ അഗ്രി കോർണർ എന്ന പേരിൽ രണ്ട് വാട്ട്സ് ആപ്പ് കൂട്ടായ്‌മ പ്രവർത്തിച്ച് വരുന്നുണ്ട് . കർഷകർക്ക് ആവശ്യമായ എല്ലാ നിർദ്ദേശങ്ങളും സമയാസമയങ്ങളിൽ നൽകുകയും ആവശ്യമായ പരിശീലന പരിപാടികൾ നൽകിവരുന്നതോടൊപ്പം കർഷകരുടെ സംശയങ്ങളും പരിഹരിച്ച് നൽകുന്നുണ്ട് .
കൂടാതെ യുവജന സംഘടനകളെയും ,യൂത്ത് ക്ലബുകളെയും സംയോജിപ്പിച്ച് കൊണ്ട് കാർഷിക മേഖലയിൽ പുരോഗതി കൈവരിക്കാൻ കഴിഞ്ഞ കാലത്തെ പ്രവർത്തനങ്ങളിലൂടെ സാധിച്ചത് കേന്ദ്ര ഗവൺമെന്റിന്റെയും സംസ്ഥാന ഗവൺമെന്റിന്റെയും പ്രോത്സാഹനം കൊണ്ടുമാണ് . ഒരു പരീക്ഷണം എന്ന നിലയിൽ നടത്തിയ കൃഷി അക്ഷരാർഥത്തിൽ ഒരു പുത്തനുണർവ് നൽകിയിട്ടുണ്ട്
മുൻ പഞ്ചായത്ത് പ്രസിഡണ്ടും വളമംഗലം വാർഡ് മെമ്പറുമായ അഡ്വക്കറ്റ് മൊയ്‌തീൻ കുട്ടി ഹാജിയുടെ കൃഷിയിടത്തിലാണ് .കരനെല്ല് കൃഷിയിറക്കിയത് , ഒരു ഗ്രാമ പഞ്ചായത്ത് മെമ്പർ ഇത്തരത്തിലുള്ള കൃഷി ചെയ്യുന്നത് മഹനീയ മാതൃകയാണ് .
വളമംഗലം തടപ്പറമ്പ് എന്ന സ്ഥലത്ത് മൂന്ന് ഏക്കറിൽ നടത്തിയ കരനെല്ല് കൃഷിയുടെ വിളവെടുപ്പ് ഉത്സവം പഞ്ചായത്ത് പ്രസിഡണ്ട് പിസി അബ്ദുൽ റഹ്‌മാൻ ഉൽഘാടനം ചെയ്തു. കൃഷി ഓഫീസർ സുബൈർ ബാബു കൃഷി സംബന്ധമായ വിവരങ്ങൾ വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നുസ്റീന മോൾ അധ്യക്ഷത വഹിച്ചു .
വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ ശാന്തി , കൃഷി ഓഫീസർമാരായ ജാഫർ അലി വി എം. , സബിത എ . , വാർഡ് മെമ്പർ മൊയ്തീൻ കുട്ടി ഹാജി , കാർഷിക വികസന സമിതി അംഗങ്ങൾ , വിവിധ കർഷക ഗ്രൂപ്പുകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു .