കാരശ്ശേരി : ഒറ്റക്കണ്ണൻ പോക്കരും , മണ്ടൻ മുത്തപ്പയും , സൈനബയും, നബീസുവും സ്റ്റേജിൽ നിറഞ്ഞു കളിച്ചു. ഇഷ്ട കഥാപാത്രങ്ങളുടെ അഭിനയ മികവിൽ ലയിച്ച് വിദ്യാർത്ഥികൾ ഹർഷാരവം മുഴക്കി. സ്റ്റേജിൽ നിന്നിറങ്ങിയ അഭിനേതാക്കളെ കെട്ടിപ്പിടിച്ചും വാനിലുയർത്തിയും പ്രിയ കഥാകാരനോടുള്ള സ്നേഹം കുട്ടികൾ പ്രകടിപ്പിച്ചു. കാരശ്ശേരി എച്ച്.എൻ.സി.കെ എം എ യു പി സ്കൂളിലാണ് വികാരഭരിതമായ രംഗം അരങ്ങേറിയത്.ബഷീർ ദിനത്തോടനുബന്ധിച്ച് ‘മുച്ചീട്ടു കളിക്കാരന്റെ മകൾ’ എന്ന ബഷീർ കൃതിയിലെ രംഗങ്ങളാണ് വിദ്യാർത്ഥികൾ ചിത്രീകരിച്ചത്.അഭിനേതാക്കളുടെ വേഷവും അഭിനയവും മുഖഭാവവുമെല്ലാം മികച്ചു നിന്നപ്പോൾ കഥാപാത്രങ്ങൾ ജീവനോടെ വന്നു നിൽക്കുന്നതായി കുട്ടികൾക്ക് അനുഭവപ്പെട്ടു. ഓരോ കഥാപാത്രങ്ങളോടും കുശലങ്ങൾ ചോദിച്ചും തൊട്ടു നോക്കിയും കൈ പിടിച്ച് അഭിനന്ദിച്ചുമാണ് കുട്ടികൾ പിരിഞ്ഞു പോയത്.
ബഷീർ അനുസ്മരണ പ്രവർത്തനങ്ങൾ ഹെഡ് മാസ്റ്റർ എൻ. എ അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. ചിത്രരചന, അടിക്കുറിപ്പ് മത്സരം, ക്വിസ് മത്സരം തുടങ്ങിയവയും സംഘടിപ്പിച്ചു.
പി.യു. ഷാഹിർ , ഖദീജ നസിയ, അർച്ചന .കെ, ഷഫ്ന കെ.ടി, അതുൽ മാത്യു തുടങ്ങിയവർ നേതൃത്വം നൽകി