ദില്ലി: ബിബിസി ഡോക്യുമെന്‍ററി വിവാദം സുപ്രീം കോടതിയിലേക്ക്. സാമൂഹ്യ മാധ്യമങ്ങളില്‍ ഡോക്യുമെന്‍ററി നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
അഭിഭാഷകന്‍ എം എല്‍ ശര്‍മ്മയാണ് ഹര്‍ജിക്കാരന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററിയുടെ ലിങ്ക് നീക്കം ചെയ്യാന്‍ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു.
ഇതിന്‍റെ പശ്ചാത്തലത്തില്‍ ബിബിസിയുടെ ഡോക്യുമെന്‍ററി ഷെയര്‍ ചെയ്തുള്ള ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ജി20 അധ്യക്ഷ സ്ഥാനത്തിരിക്കെ പുറത്തിറങ്ങിയ ഡോക്യുമെന്‍ററി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കാന്‍ ഉന്നമിട്ടുള്ളതാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്. പൗരാവാകാശ പ്രവര്‍ത്തകര്‍ അടക്കം ഡോക്യുമെന്‍ററിയുടെ ലിങ്ക് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലിങ്കുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്.