തൊടുപുഴ : 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി നെടുങ്കണ്ടം ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസറെയും എക്സ്റ്റന്‍ഷന്‍ ഓഫീസറെയും വിജിലന്‍സ് പിടികൂടി. ബിഡിഒ ഷൈമോന്‍ ജോസഫും എക്‌സറ്റന്‍ഷന്‍ ഓഫിസര്‍ നാദിര്‍ഷയുമാണ് പിടിയിലായത്. പരാതിക്കാരന്റെ വീട്ടിലെത്തി പണം വാങ്ങുന്നതിനിടെയാണ് ഇവരുവരും പിടിയിലായത്.
നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന കുളത്തിന്റെ നിര്‍മ്മാണ കരാര്‍ സംബന്ധിച്ച് അഴിമതിക്ക് അവസരം നല്‍കാമെന്നും വ്യാജരേഖ തയ്യാറാക്കാമെന്നും പറഞ്ഞാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കരാറിന്റെ കാലാവധി നീട്ടി നല്‍കാമെന്നും ഇതിനായി വ്യാജ മിനിറ്റ്‌സ് തയ്യാറാക്കാമെന്നും ബിഡിഒ ഷൈമോന്‍ ജോസഫും പി ആന്‍ഡ് എം എക്‌സറ്റന്‍ഷന്‍ ഓഫിസര്‍ നാദിര്‍ഷയും രാജാക്കാട് കള്ളിമാലി സ്വദേശിയോട് വാഗ്ദാനം ചെയ്തു.
വ്യാജ മിനിറ്റ്‌സ് തയ്യാറാക്കാന്‍ 20000 രൂപയും ക്ലര്‍ക്കിന് 10000 രൂപയും വേണമെന്നും അറിയിച്ചു. അത്രയും പണം ഉണ്ടാകില്ലെന്നു അറിയിച്ചപ്പോള്‍ 25000 രൂപക്ക് സമ്മതിച്ചു. തുടന്ന് സ്ഥലം ഉടമ ഇടുക്കി വിജിലന്‍സില്‍ പരാതി നല്‍കി.
പരാതിക്കാരന്റെ രാജാക്കാട് കള്ളിമാലിയിലുള്ള വീട്ടില്‍ വച്ച് കൈക്കൂലി പണം വാങ്ങുന്നതിനിടെയാണ് ഇരുവരേയും പിടികൂടിയത്.